കണ്ണൂർ- ബീച്ചിൽ പുരുഷസുഹൃത്തുമായി സംസാരിക്കുകയായിരുന്ന യുവതിയുടെ കൈ അടിച്ചൊടിച്ചു. അക്രമം നടത്തിയ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ചിറക്കൽ പുതിയതെരു ആശാരി കമ്പനി സ്വദേശി മുക്കണ്ണൻഹൗസിൽ നവാസ് (36), പാപ്പിനിശ്ശേരി എം.എം ആശുപത്രിക്ക് സമീപത്തെ കെ.മുഹമ്മദ് അലി എന്നിവരെയാണ് പിടികൂടിയത്. പള്ളിക്കുന്ന സ്വദേശിനിയായ 21 കാരിക്കാണ് മർദ്ദനമേറ്റത്. ഇവർ ശനിയാഴ്ച വൈകിട്ട് പുരുഷ സുഹൃത്തിനൊപ്പം ബീച്ചിൽ സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ പ്രതികൾ ഇരുവരെയും അക്രമിച്ചു. അക്രമികളുടെ കയ്യേറ്റത്തിൽ യുവതിയുടെ രണ്ടു വിരലുകൾക്ക് പൊട്ടലുണ്ടായി. ഇവരെ കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തുകയായിരുന്നു. പാപ്പിനിശ്ശേരി സ്വദേശിയുടേത് ആയിരുന്നു ബൈക്ക്. ഇയാൾ മുഹമ്മദലിക്ക് ഓടിക്കാൻ കൊടുത്തതായിരുന്നു. ബൈക്ക് ഉടമയിൽ നിന്ന് മുഹമ്മദ് അലിയുടെ ഫോൺ നമ്പർ വാങ്ങിയ പോലീസ് സൈബർ പൊലീസിന്റെ സഹായത്തോടെ കണ്ണൂരിലെ ഒരു ലോഡ്ജിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.