തിരുവനന്തപുരം-മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കി. പ്രസംഗത്തിന്റെ പരിഭാഷയില്‍ താന്‍ പറയാത്ത വാക്കുകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നും പെരുമാറ്റച്ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കി. പ്രസംഗത്തിലൊരിടത്തും മതം എന്ന വാക്കോ മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശമോ ഉണ്ടായിട്ടില്ലെന്ന് മറുപടിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗത്തില്‍ പാക്കിസ്ഥാനിലെ ബാലോകട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തെ പരാമര്‍ശിക്കുന്നതിനിടെ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നുകാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനു പുറമെ, ഇടതുമുന്നണി പോലീസിലും പരാതി നല്‍കിയിരുന്നു.
കൊല്ലപ്പെട്ടവര്‍ മുസ്ലിംകളാണോ എന്നറിയാന്‍ വസ്ത്രം മാറ്റി നോക്കണമെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശ്രീധരന്‍പിള്ളയുടെ പ്രസംഗം.
എന്നാല്‍ പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ താനുപയോഗിച്ചിട്ടില്ലാത്ത പല വാക്കുകളുണ്ടെന്നും ഇത് ഗൂഢാലോചനയാണെന്നും അദ്ദേഹം പറയുന്നു. ദുരുദ്ദേശ്യത്തോടെയാണ് തര്‍ജമ. ചരിത്രത്തിലില്ലാത്തവിധം രാഷ്ട്രീയപാര്‍ട്ടികളും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രസംഗത്തിന്റെ പൂര്‍ണരൂപം കൈവശമുണ്ട്. അത് ആവശ്യമെങ്കില്‍ കമ്മിഷനുമുമ്പില്‍ ഹാജരാക്കും. ശനിയാഴ്ച കമ്മിഷന് മറുപടി മെയില്‍ ചെയ്തതിനുപുറമേ രജിസ്ട്രേഡ് തപാലിലും അയച്ചു. 24 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ് കമ്മിഷന്റെ കത്ത് ശ്രീധരന്‍പിള്ളക്ക് ലഭിച്ചത്. പാര്‍ട്ടിയുടെ കേന്ദ്രഘടകവുമായി ആലോചിച്ചാണ് മറുപടി നല്‍കിയത്.