ജിദ്ദ - ഹോട്ടൽ മുറിയിൽ നിന്ന് പ്രാതൽ കഴിച്ചതിനാലാണ് കൊളംബോയിലെ ഹോട്ടലിലുണ്ടായ ചാവേറാക്രമണത്തിൽ പരിക്കുകളോടെ രക്ഷപ്പെടുന്നതിന് സാധിച്ചതെന്ന് സൗദിയ എയർ ഹോസ്റ്റസ് ഹാജർ യാസീൻ പറഞ്ഞു. ഹോട്ടൽ റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങി ഏതാനും ചുവടുകൾ മുന്നോട്ടു വെച്ചതോടെയാണ് ചാവേർ സ്‌ഫോടനമുണ്ടായതെന്ന് 38 കാരിയായ മൊറോക്കോക്കാരി പറഞ്ഞു. സഹപ്രവർത്തകരായ ഹാനി ഉസ്മാനും അഹ്മദ് അൽജഅ്ഫരിയും തങ്ങൾക്കൊപ്പം ഹോട്ടൽ റെസ്റ്റോറന്റിൽ നിന്ന് പ്രാതൽ കഴിക്കുന്നതിന് തന്നെ ക്ഷണിച്ചിരുന്നു. എന്നാൽ താൻ നേരത്തെ തന്നെ മുറിയിൽ വെച്ച് പ്രാതൽ കഴിച്ചതായി ഇരുവരെയും അറിയിക്കുകയായിരുന്നു.
പിന്നീട് ഇരുവരെയും കാണുന്നതിന് താൻ ഹോട്ടൽ ലോബിയിലേക്ക് ഇറങ്ങിവന്നു. ഇരുവരെയും കണ്ട് റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങി ഏതാനും ചുവടുകൾ വെച്ചതോടെയാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ ഹാനി ഉസ്മാനും അഹ്മദ് അൽജഅ്ഫരിയും മരിച്ചു.
സ്‌ഫോടനത്തിന്റെ ശക്തിയിൽ താൻ ഹോട്ടലിലെ നീന്തൽ കുളത്തിലേക്ക് പതിച്ചു. സ്‌ഫോടനത്തിൽ ഹോട്ടൽ ലോബിയും റെസ്റ്റോറന്റും പാടെ തകർന്നു. സ്വിമ്മിംഗ് പൂൾ മെയിന്റനൻസ് തൊഴിലാളിയാണ് തന്നെ നീന്തൽ കുളത്തിൽ നിന്ന് പുറത്തു കടത്തിയത്. ഇതിനു ശേഷം മാത്രമാണ് തനിക്ക് സ്ഥലകാല ബോധമുണ്ടായത്.
തനിക്ക് ചുമലിനും മുതുകിനുമാണ് പരിക്കേറ്റത്. സഹപ്രവർത്തകർക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയുന്നതിന് ഹോട്ടലിൽ മടങ്ങിയെത്തിയ തനിക്ക് ഇരുവരുടെയും മൃതദേഹങ്ങളാണ് കാണാനായതെന്നും ഹാജർ യാസീൻ പറഞ്ഞു. ശ്രീലങ്കയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ എയർ ഹോസ്റ്റസിനെ കൊളംബോയിലെ സൗദി അംബാസഡർ അബ്ദുന്നാസിർ അൽഹാരിസി സന്ദർശിച്ചിരുന്നു. ചികിത്സ പൂർത്തിയാക്കുന്നതിന് ഹാജറിനെ സൗദിയിലേക്ക് മാറ്റുന്നതിന് അംബാസഡർ മെഡിക്കൽ സംഘത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഉഗ്ര സ്‌ഫോടനത്തിൽ ഹാജറിന്റെ മുതുകിൽ ചില്ലു കഷ്ണങ്ങൾ തുളഞ്ഞുകയറിയിട്ടുണ്ട്. ഇതിൽ ഒന്ന് നട്ടെല്ലിനു സമീപമാണ്. ചില്ല് കഷ്ണങ്ങൾ പുറത്തെടുക്കുന്നതിന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. കഴിഞ്ഞ ഞായറാഴ്ച കൊളംബോയിലുണ്ടായ ചാവേറാക്രമണങ്ങളിൽ രണ്ടു സൗദി പൗരന്മാരാണ് മരിച്ചത്. സൗദിയ ജീവനക്കാരായ ഹാനി ഉസ്മാനും അഹ്മദ് അൽജഅ്ഫരിയുമാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇരുവരുടെയും മയ്യിത്തുകൾ വിമാന മാർഗം ജിദ്ദയിലെത്തിച്ച് ബലദ് അമ്മാരിയയിലെ ഉമ്മുനാ ഹവ്വാ ഖബർസ്ഥാനിൽ മറവു ചെയ്തു.