റിയാദ് - സൗദിയിലെ ഉപയോക്താക്കൾ എ.ടി.എമ്മുകൾ വഴി രണ്ടു മാസത്തിനിടെ 7,390 കോടി റിയാൽ പിൻവലിച്ചതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇത്രയും പണം ടെല്ലർ മെഷീനുകൾ വഴി ഉപയോക്താക്കൾ പിൻവലിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയലളവിൽ എ.ടി.എമ്മുകൾ വഴി ഉപയോക്താക്കൾ 6,710 കോടി റിയാലാണ് പിൻവലിച്ചത്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യത്തെ രണ്ടു മാസത്തിനിടെ എ.ടി.എമ്മുകൾ വഴി പിൻവലിച്ച പണത്തിൽ 10.1 ശതമാനം വളർച്ച രേഖപ്പെടുത്തി.
ബാങ്കുകളും എ.ടി.എമ്മുകളും വഴി രണ്ടു മാസത്തിനിടെ ഉപയോക്താക്കൾ ആകെ 11,820 കോടി റിയാൽ പിൻവലിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്കുകളും എ.ടി.എമ്മുകളും വഴി ഉപയോക്താക്കൾ 11,860 കോടി റിയാൽ പിൻവലിച്ചിരുന്നു. ഈ വർഷം ബാങ്കുകളും എ.ടി.എമ്മുകളും വഴി പിൻവലിച്ച പണത്തിൽ 0.3 ശതമാനം കുറവ് രേഖപ്പെടുത്തി. ഫെബ്രുവരി അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 37,380 എ.ടി.എമ്മുകളുണ്ട്. ഒരു വർഷത്തിനിടെ രാജ്യത്തെ ബാങ്കുകൾ പുതുതായി 644 എ.ടി.എമ്മുകൾ സ്ഥാപിച്ചു. എ.ടി.എമ്മുകളുടെ എണ്ണം വർധിച്ചതോടൊപ്പം ടെല്ലറുകൾ വഴി പിൻവലിച്ച പണത്തിലും വർധനവ് രേഖപ്പെടുത്തി.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബാങ്കുകളിൽ നിന്ന് ഉപയോക്താക്കൾ പിൻവലിച്ച പണത്തിൽ 13.9 ശതമാനം കുറവ് രേഖപ്പെടുത്തി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബാങ്കുകളിൽ നിന്ന് ഉപയോക്താക്കൾ 4,430 കോടി റിയാലാണ് പിൻവലിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്കുകളിൽ നിന്ന് ഉപയോക്താക്കൾ 5,140 കോടി റിയാൽ പിൻവലിച്ചിരുന്നു. ഈ വർഷം ആദ്യത്തെ രണ്ടു മാസത്തിനിടെ ബാങ്കുകളിൽ നിന്ന് പിൻവലിച്ച പണത്തിൽ 710 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ രണ്ടു മാസത്തിനിടെ ഉപയോക്താക്കൾ ആകെ 34.54 കോടി തവണ പണം പിൻവലിക്കലുകൾ നടത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ആകെ 34.18 കോടി തവണയാണ് പണം പിൻവലിച്ചത്. ഈ വർഷം പണം പിൻവലിക്കൽ ഇടപാടുകളിൽ ഒരു ശതമാനം വളർച്ച രേഖപ്പെടുത്തി.
മദ കാർഡുകൾ വഴിയുള്ള പണം പിൻവലിക്കൽ ഇടപാടുകളിൽ 10.6 ശതമാനം വളർച്ച രേഖപ്പെടുത്തി. രണ്ടു മാസത്തിനിടെ മദ കാർഡുകൾ ഉപയോഗിച്ച് ആകെ 15.84 കോടി തവണ ഉപയോക്താക്കൾ പണം പിൻവലിച്ചു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ 14.32 കോടി തവണയാണ് ഉപയോക്താക്കൾ എ.ടി.എമ്മുകൾ വഴി പണം പിൻവലിച്ചത്. ബാങ്കുകളിൽ നിന്നുള്ള പണം പിൻവലിക്കൽ ഇടപാടുകളിൽ 5.9 ശതമാനം കുറവ് രേഖപ്പെടുത്തി. ബാങ്കുകളിൽ നിന്ന് ആകെ 18.69 കോടി തവണയാണ് രണ്ടു മാസത്തിനിടെ ഉപയോക്താക്കൾ പണം പിൻവലിച്ചത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ 19.86 കോടി തവണ ഉപയോക്താക്കൾ ബാങ്കുകളിൽ നിന്ന് പണം പിൻവലിച്ചിരുന്നു.
എ.ടി.എമ്മുകൾ വഴി ശരാശരി 466.5 റിയാൽ വീതമാണ് ഓരോ തവണയും പണം പിൻവലിച്ചത്. കഴിഞ്ഞ കൊല്ലം ആദ്യ രണ്ടു മാസത്തിനിടെ എ.ടി.എമ്മുകൾ വഴി ഓരോ തവണയും ശരാശരി 468.7 റിയാൽ പിൻവലിച്ചിരുന്നു.
ഫെബ്രുവരി അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 2.854 കോടി എ.ടി.എം കാർഡുകളുണ്ട്. 2018 ഫെബ്രുവരി അവസാനത്തിൽ എ.ടി.എം കാർഡുകളുടെ എണ്ണം 2.888 കോടിയായിരുന്നു. ഒരു കൊല്ലത്തിനിടെ എ.ടി.എം കാർഡുകളുടെ എണ്ണത്തിൽ 1.2 ശതമാനം കുറവ് രേഖപ്പെടുത്തി. ഒരു വർഷത്തിനിടെ 3,40,994 എ.ടി.എം കാർഡുകളുടെ കുറവാണുണ്ടായതെന്നും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു.