Sorry, you need to enable JavaScript to visit this website.

വില ഉയർത്താൻ ഒത്തുകളി, റിയാദിൽ റെസ്റ്റോറന്റുകൾക്ക് പിഴ

റിയാദ് - ഭക്ഷ്യവസ്തുക്കളുടെ വില വില ഉയര്‍ത്താനും സ്ഥിരപ്പെടുത്താനും പരസ്പര ധാരണയുണ്ടാക്കിയ കേസിൽ മൂന്നു റെസ്റ്റോറന്റുകൾക്ക് പിഴ ചുമത്തിയതായി ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ അറിയിച്ചു. അൽറുക്‌നുൽ മക്കി റെസ്റ്റോറന്റ്‌സ് കമ്പനി, സൗദി ഹോട്ടൽ, സഹായിബ് ദീറതി റെസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങൾക്ക് ആകെ 18.6 ലക്ഷം റിയാലാണ് പിഴ ചുമത്തിയത്. ഇതേ നിയമ ലംഘനത്തിന് മാർച്ചിൽ മറ്റു രണ്ടു റെസ്റ്റോറന്റുകൾക്ക് പിഴ ചുമത്തിയതായി അതോറിറ്റി അറിയിച്ചിരുന്നു. റെസ്റ്റോറന്റ് നടത്തുന്ന അൽറോമാൻസിയ ലിമിറ്റഡ് കമ്പനിക്കും അൽനാദിജ് റെസ്റ്റോറന്റ്‌സ് കമ്പനിക്കും ആകെ 64 ലക്ഷം റിയാലാണ് പിഴ ചുമത്തിയത്. ഒന്നര മാസത്തിനിടെ അഞ്ചു റെസ്റ്റോറന്റുകൾക്ക് ആകെ 82.6 ലക്ഷം റിയാൽ പിഴ ചുമത്തി. 


നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് റെസ്റ്റോറന്റുകൾക്ക് പതിനഞ്ചു ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. 
ഇതിനകം നിയമ ലംഘനം അവസാനിപ്പിക്കാത്ത പക്ഷം തുടർന്നുള്ള ഓരോ ദിവസത്തിനും പതിനായിരം റിയാൽ തോതിൽ പിഴ ചുമത്തുമെന്ന് ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ പറഞ്ഞു. തങ്ങളുമായി മത്സരത്തിലുള്ള സ്ഥാപനങ്ങളുമായി പരസ്പര ധാരണയുണ്ടാക്കി റെസ്റ്റോറന്റുകൾ ഭക്ഷ്യവസ്തുക്കളുടെ വില ഉയർത്തുകയായിരുന്നു. മറ്റു സ്ഥാപനങ്ങളിലെ വിലകളിൽ നിന്ന് വ്യത്യസ്തമായി ഓരോ സ്ഥാപനങ്ങളും വിലകൾ സ്വതന്ത്രമായി നിശ്ചയിക്കണമെന്നാണ് നിർദേശം. 


പ്രശസ്തമായ ഏതാനും റെസ്റ്റോറന്റുകളിൽ ഒരേ സമയത്ത് സമാന രീതിയിൽ ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അൽറോമാൻസിയ ലിമിറ്റഡ് കമ്പനി, അൽനാദിജ് റെസ്റ്റോറന്റ്‌സ് കമ്പനി, അൽറുക്‌നുൽമക്കി റെസ്റ്റോറന്റ്‌സ് കമ്പനി, സഹായിബ് ദീറതി ഹോട്ടൽ എസ്റ്റാബ്ലിഷ്‌മെന്റ്, കാമിൽ യാസിർ അൽഅഖ്‌റസ് റെസ്റ്റോറന്റ്‌സ് കമ്പനി (സൗദി ഹോട്ടൽ) എന്നിവ വില ഉയർത്തുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും പരസ്പര ധാരണയുണ്ടാക്കിയതായി കണ്ടെത്തുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്തുന്നതിനും കുത്തകവൽക്കരണം ഇല്ലാതാക്കുന്നതിനുമാണ് ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ പ്രവർത്തിക്കുന്നത്. 
വില ഉയർത്തുന്നതിനും വിപണികൾ പങ്കിട്ടെടുക്കുന്നതിനും പരസ്പര ധാരണയുണ്ടാക്കിയ കേസിൽ പെപ്‌സി, കൊക്കകോള, പ്രമുഖ അരി ഇറക്കുമതി കമ്പനികൾ തുടങ്ങി നിരവധി കമ്പനികൾക്ക് സമീപ കാലത്ത് ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ കോടിക്കണക്കിന് റിയാൽ പിഴ ചുമത്തിയിട്ടുണ്ട്. 
 

Latest News