താനൂർ-പോലീസുകാർ നടപ്പാക്കേണ്ടത് സർക്കാർ നയമാണെന്നും അത് നടപ്പാക്കുന്നില്ലെങ്കിൽ നടപ്പാക്കിക്കേണ്ടി വരുമെന്നും ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് താനൂർ എം.എൽ.എ. വി.അബ്്ദുറഹ്മാന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് താനൂരിൽ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്്‌ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് വി അബ്ദുറഹ്മാൻ എം.എൽ.എക്ക് നേരെ അക്രമുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും മതതീവ്രവാദ വഴിയിലേക്കാണ് മുസ്്‌ലിംലീഗ് സഞ്ചരിക്കുന്നത്.
ഇത് സമൂഹം അംഗീകരിക്കാത്തതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചതും എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയതും ഇതിന്റെ ഭാഗമാണെന്നും വിജയരാഘവൻ പറഞ്ഞു.
താനൂരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റത് മുതൽ മുസ്്‌ലിം ലീഗ് അക്രമം നടത്തുന്നുണ്ട്. വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെടുത് മൗലികാവകാശ ലംഘനമാണ്. പ്രത്യേകിച്ച് ജനപ്രതിനിധിയുടെ അവകാശം. ജനപ്രതിനിധി ലീഗ് അല്ലെങ്കിൽ അംഗീകരിക്കില്ലെ നിലപാട് ലീഗ് തിരുത്തണം. അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, താനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സമദ് താനാളൂർ എന്നിവർ സംസാരിച്ചു.