Sorry, you need to enable JavaScript to visit this website.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ പതിനെട്ട് സീറ്റ് നേടുമെന്ന് ആവർത്തിച്ച് കോടിയേരി

തിരുവനന്തപുരം- ലോക്‌സഭ തെരഞ്ഞടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ് പതിനെട്ട് സീറ്റുകളിൽ വിജയിക്കുമെന്ന ആത്മവിശ്വാസം ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 2004ൽ ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് സമാനമായ വിജയം കേരളത്തിൽ ഇടതുമുന്നണിക്കുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി. 
എൽ ഡി എഫിന് വളരെയധികം ആത്മവിശ്വാസം നൽകുന്ന പോളിങ്ങാണ് ഉണ്ടായതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. കൂടുതൽ സീറ്റും കൂടുതൽ വോട്ടും എൽഡിഎഫ് നേടും. ബിജെപിയും യുഡിഎഫും തമ്മിൽ വോട്ട് കച്ചവടം നടന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചും മറികടന്നുമുള്ള മുന്നേറ്റമാകും എൽഡിഎഫിനുണ്ടാവുക.
ബിജെപി അക്കൗണ്ട് തുറക്കില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ ബിജെപി മൂന്നാംസ്ഥാനത്ത് പോകും. മതന്യൂനപക്ഷങ്ങളടക്കം എല്ലാവിഭാഗങ്ങളും എൽഡിഎഫിനൊപ്പം നിന്നു. ഏതെങ്കിലും ഒരു മതവിഭാഗത്തെ പ്രീണിപ്പിക്കുന്ന നിലപാടല്ല എൽഡിഎഫിന്റേത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന എൽഡിഎഫ് നിലപാടിനുള്ള അംഗീകാരമാകും തെരഞ്ഞെടുപ്പുഫലം.
സാധാരണ എൽഡിഎഫിന് വോട്ടുചെയ്യാത്തവർപോലും ഇക്കുറി എൽഡിഎഫിനൊപ്പംനിന്നു. സിപിഐ എമ്മിനെയും എൽഡിഎഫിനെയും എക്കാലവും എതിർത്തിരുന്ന ഇടതു ചിന്താഗതിക്കാരായ ആളുകളും എൽഡിഎഫിന് വോട്ട് ചെയ്തു. ഭൂരിപക്ഷ സമുദായത്തിലെ ചില സമുദായസംഘടനകൾ മുമ്പ് എതിരായിരുന്നെങ്കിലും ഇത്തവണ അനുകൂലമായിരുന്നു. എൻഎസ്എസ് സമദൂരനിലപാട് സ്വീകരിച്ചു എന്നാണ് മനസ്സിലാക്കുന്നത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് മറ്റ് മണ്ഡലങ്ങളെ സ്വാധീനിച്ചിട്ടില്ല. രാഹുൽ വയനാട്ടിൽ മാത്രമേ മത്സരിച്ചിട്ടുള്ളൂ. മറ്റൊരു മണ്ഡലത്തിലും അദ്ദേഹത്തിനായി വോട്ടുചെയ്യാനാകില്ല. അതിനാൽ അതുഘടകമായില്ല. ബിജെപി നേതൃത്വം നിരാശയിലാണ്. അവർക്ക് കാര്യങ്ങൾ വ്യക്തമായി. വോട്ടെണ്ണൽവരെ അണികളെ പിടിച്ചുനിർത്താൻ അവകാശവാദങ്ങളുമായി ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുകയാണ്.
അഞ്ച് മണ്ഡലങ്ങളിൽ  ബിജെപി-യുഡിഎഫ് വോട്ടുകച്ചവടം നടന്നിട്ടുണ്ട്. ഇത് തുറന്നുകാട്ടാൻ എൽഡിഎഫിനായി. 91ലെ വടകര മോഡൽ കോലീബി സഖ്യത്തിനെതിരെ വോട്ടർമാരുടെ ശക്തമായ വികാരമാണ് ഉണ്ടായത്. അത് ഇക്കുറിയും ആവർത്തിക്കും. എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി, മുസ്ലിംലീഗ് തുടങ്ങിയവയുമായി കൂട്ടുകൂടിയാണ് യുഡിഎഫ് മത്സരിച്ചത്.
ബിജെപിയുടെ വോട്ടുവിഹിതം വർധിച്ചാൽ അത് എൽഡിഎഫിനെ ബാധിക്കില്ല. കാരണം 2004ൽ ബിജെപി 10.38 ശതമാനം വോട്ടുകൾ നേടിയപ്പോൾ 18 സീറ്റുനേടാൻ എൽഡിഎഫിനായി. 2009ൽ ബിജെപിയുടെ വോട്ടുവിഹിതം 6.5 ആയി കുറഞ്ഞപ്പോൾ സീറ്റുകളുടെ എണ്ണം നാലായി. 2014ൽ ബിജെപി വോട്ടുവിഹിതം 10 ശതമാനം ആയി വർധിച്ചപ്പോൾ എൽ ഡി എഫ് സീറ്റുകളുടെ എണ്ണം എട്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 10.5 ശതമാനം വോട്ടുനേടിയപ്പോഴും എൽഡിഎഫ് മുന്നേറ്റം ഉണ്ടായി. ലോക്‌സഭാ മണ്ഡലങ്ങളിലും മുന്നേറ്റം ഉണ്ടായി.
ശബരിമലവിഷയം പ്രചാരണരംഗത്ത് ചർച്ചചെയ്യരുത് എന്ന നിലപാട് എൽഡിഎഫ് സ്വീകരിച്ചിട്ടില്ല. സുപ്രീംകോടതി വിധി ചർച്ചചെയ്യപ്പെട്ടാൽ എൽഡിഎഫിന് എതിരാകില്ല. എൽഡിഎഫിന് പ്രതികൂലമായി വരുന്ന ഒരുഘടകവും അതിലില്ല. കോടതിവിധിയെ തുടർന്നുണ്ടായ കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ നന്നായി സാധിച്ചു-കോടിയേരി വ്യക്തമാക്കി.
 

Latest News