തിരുവനന്തപുരം- കാമുകിക്ക് വീട്ടുകാർ ഉറപ്പിച്ച വിവാഹം മുടക്കുന്നതിനായി പ്രതിശ്രുത വരന് പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച സീരിയൽ നടൻ അറസ്റ്റിൽ. പെൺകുട്ടിയുടെ വിദേശത്തുള്ള പ്രതിശ്രുത വരന് ചിത്രങ്ങൾ അയച്ചു കൊടുത്ത കേസിലാണ് സീരിയൽ നടൻ തിരുവനന്തപുരം പാലോട് കരിമൺകോട് സ്വദേശി ഷാൻ (25) പിടിയിലായത്.
2014 മുതൽ ഇയാൾ പെൺകുട്ടിയുമായി ഫെയ്‌സ്ബുക്ക് വഴി പരിചയത്തിലായിരുന്നു. സീരിയലുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്ന ഇയാൾ പെൺകുട്ടിയെ സീരിയലിൽ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി പലതവണയായി ഫോട്ടോകൾ എടുക്കുകയായിരുന്നു. തുടർന്ന് ഈ ചിത്രങ്ങൾ കമ്പ്യൂട്ടർ ഉപയോഗിച്ച് നഗ്‌നചിത്രങ്ങളാക്കി മോർഫ് ചെയ്തു. സാമ്പത്തിക ഇടപാടിൽ ഇരുവരും തമ്മിൽ സ്വരചേർച്ച ഇല്ലാതായതോടെയാണ് ഇയാൾ പെൺകുട്ടിക്കെതിരെ തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിക്ക് ഗൾഫിലുള്ള ഒരു യുവാവുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചിരുന്നു. ഇതറിഞ്ഞ ഷാൻ തന്റെ കൈവശമുണ്ടായിരുന്ന മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പ്രതിശ്രുത വരനു അയച്ചു കൊടുക്കുകയായിരുന്നു. ഇതു കണ്ടതോടെ ആ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പാലോട് പൊലീസിൽ പരാതി നൽകി. പോക്‌സോ, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.