കോഴിക്കോട്- കാസർകോട് മണ്ഡലത്തിൽ കളളവോട്ട് നടന്നുവെന്ന ആരോപണം ശരിവെക്കുന്നതിന്റെ തെളിവുകൾ പുറത്ത്. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ സ്വകാര്യ ടിവി ചാനലുകളാണ് പുറത്തുവിട്ടത്. അതേസമയം, കള്ളവോട്ട് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുമെന്നും കേരളത്തിന്റെ ചുമതലയുള്ള തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കറാം മീണ വ്യക്തമാക്കി. ഇത് സംബന്ധിച്ച് റിട്ടേണിങ് ഓഫീസർമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌കൂളിലെ 19ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറ് പേരുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. ആള് മാറി വോട്ട് ചെയ്യുന്നതും ഒരാൾ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് മറ്റ് ബൂത്തിലുള്ളവർ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്രിസൈഡിങ് ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു കള്ളവോട്ടുകൾ ചെയ്തത്. 774ാം ബൂത്തിലെ പത്മിനി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യാനെത്തിയത് ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 50ാം നമ്പർ ബൂത്തിലെ വോട്ടർ 19ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ചില പാർട്ടികളുടെ പ്രാദേശിക നേതാക്കൾ ചട്ടം ലംഘിച്ച് ബൂത്തിൽ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.