റിയാദ്- അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ ഈത്തപ്പഴ വ്യാപാര മേഖലയില്‍ ബിനാമി ബിസിനസ് നടത്തിയ പാക്കിസ്ഥാനിയെയും കൂട്ടുനിന്ന സൗദി പൗരനെയും ബുറൈദ ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.
ബിനാമി ബിസിനസ് നടത്തിയ പാക്കിസ്ഥാനി നിസാര്‍ ഹുസൈന്‍ റഹീം ബഖ്ഷ്, ഇതിന് കൂട്ടുനിന്ന സൗദി പൗരന്‍ മുഹമ്മദ് ബിന്‍ മുഖലദ് ഹിലാല്‍ അല്‍ഹര്‍ബി എന്നിവര്‍ക്ക് കോടതി പിഴ ചുമത്തി. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പാക്കിസ്ഥാനിയെ സൗദിയില്‍ നിന്ന് നാടുകടത്തുന്നതിനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു.
ഇരുവരുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സൗദി പൗരന്റെയും പാക്കിസ്ഥാനിയുടെയും സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്.
അല്‍ഖസീം പ്രവിശ്യയിലെ ഈത്തപ്പഴ മാര്‍ക്കറ്റുകളിലും കടകളിലും വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കിടെയാണ് ഈത്തപ്പഴ വില്‍പന മേഖലയില്‍ പാക്കിസ്ഥാനി ബിനാമി ബിസിനസ് നടത്തുന്നതിനുള്ള തെളിവുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് സൗദി പൗരനെയും പാക്കിസ്ഥാനിയെയും വിളിച്ചുവരുത്തി മൊഴികളെടുത്ത ശേഷം ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുസരിച്ച നിയമ നടപടികള്‍ക്ക് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
അല്‍ഖസീം പ്രവിശ്യയില്‍ ഈത്തപ്പഴ വില്‍പന മേഖലയില്‍ ബിനാമി സ്ഥാപനങ്ങള്‍ നടത്തിയ അഞ്ചു പാക്കിസ്ഥാനികളെയും ഒരു സുഡാനിയെയും ഇതിന് കൂട്ടുനിന്ന നാലു സൗദികളെയും ആറു മാസത്തിനിടെ ബുറൈദ ക്രിമിനല്‍ കോടതി ശിക്ഷിച്ചിട്ടുണ്ട്. ബിനാമി കേസില്‍ സൗദി പൗരനെയും പാക്കിസ്ഥാനിയെയും കോടതി ശിക്ഷിച്ചതായി മാര്‍ച്ച് ആറിനും രണ്ടു സൗദി പൗരന്മാരെയും പാക്കിസ്ഥാനിയെയും ശിക്ഷിച്ചതായി ജനുവരി 17 നും രണ്ടു പാക്കിസ്ഥാനികളെയും ഒരു സുഡാനിയെയും ശിക്ഷിച്ചതായി 2018 ഒക്ടോബര്‍ 25 നും സൗദി പൗരനെയും പാക്കിസ്ഥാനിയെയും കോടതി ശിക്ഷിച്ചതായി നവംബര്‍ 15 നും വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചിരുന്നു.