Sorry, you need to enable JavaScript to visit this website.

വിദേശയാത്രക്ക് സർക്കാർ പണം കൈപ്പറ്റി; മുഖ്യമന്ത്രിക്കെതിരെ ഹരജി

കൊച്ചി- പൊതു ആവശ്യത്തിനല്ലാതെ നടത്തിയ  വിദേശ യാത്രക്ക് സർക്കാർ ഖജനാവിൽനിന്ന്  വിമാനയാത്രക്കൂലി കൈപ്പറ്റിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയിൽ ഹരജി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്നും വിജിലൻസ് അന്വേഷണത്തിനു നിർദേശം നൽകണമെന്നും കൈപ്പറ്റിയ പണം തിരിച്ചു പിടിക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. ഹരജിയിൽ ജസ്റ്റീസ് കെ.പി. സോമരാജൻ സർക്കാരിന്റെ വിശദീകരണം തേടി. കന്യാകുമാരി മാർത്താണ്ഡം സ്വദേശി ഡി. ഫ്രാൻസിസാണ് ഹരജിക്കാരൻ.
സംസ്ഥാന സർക്കാർ, ദക്ഷിണമേഖലാ വിജിലൻസ് ഡിവൈ.എസ്.പി, തിരുവനന്തപുരം വിജിലൻസ് ഡിവൈ.എസ്.പി എന്നിവരാണ് ഹരജിയിലെ എതിർ കക്ഷികൾ.മുഖ്യമന്ത്രിയുടെ യു.എ.ഇ, അമേരിക്കൻ സന്ദർശനങ്ങൾ സർക്കാർ പരിപാടികൾ അല്ലായിരുന്നുവെന്നും സ്വകാര്യ സംഘടനകളുടെ ക്ഷണപ്രകാരം നടത്തിയ സന്ദർശനങ്ങൾക്ക് വിമാനക്കൂലിയിനത്തിൽ 5,76,102 രൂപ കൈപ്പറ്റിയെന്നുമാണ് ആരോപണം. 2016 ഡിസംബർ 21 മുതൽ 24 വരെയായിരുന്നു മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം. ഒരു സ്‌കൂളിന്റെ ഉദ്ഘാടനവും ചില പ്രവാസി സംഘടനകൾ സംഘടിപ്പിച്ച സമ്മേളനങ്ങളിലുമാണ് മുഖ്യമന്ത്രി പങ്കെടുത്തത്. സന്ദർശനശേഷം യാത്രാക്കൂലി ഇനത്തിൽ 93295 രൂപ ഖജനാവിൽനിന്നു കൈപ്പറ്റി. ആരാണ് മുഖ്യമന്ത്രിക്ക് വേണ്ടി മുൻകൂർ ടിക്കറ്റ് എടുത്തതെന്ന് വ്യക്തമല്ലെന്നും ടിക്കറ്റ് ചെലവിന്റെ സ്രോതസ് വെളിപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ബാധ്യത ഉണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
യു.എ.ഇയിൽ ചെലവേറിയ ഹോട്ടലിലായിരുന്നു താമസം. ആരാണ് പണം മുടക്കിയതെന്നതിനും വ്യക്തതയില്ല. മുഖ്യമന്ത്രിക്കുവേണ്ടി മറ്റാരെങ്കിലുമാണ് ടിക്കറ്റ് എടുത്തതെങ്കിൽ അത് ദുരുപയോഗമാണ്. ഫൊക്കാനാ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. 2018 ജൂലൈ അഞ്ചു മുതൽ 16 വരെയായിരുന്നു സന്ദർശനം. വിമാനയാത്രാക്കൂലിയിനത്തിൽ 3,82807 രൂപ കൈപ്പറ്റിയെന്നും ഹരജിയിൽ പറയുന്നു. 

Latest News