വിസിറ്റ് വീസയില്‍ തൊഴില്‍ തേടി വരുന്നത് അവസാനിപ്പിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍. യു.എ.ഇയിലേക്ക് ഇത്തരത്തില്‍ തൊഴില്‍ തേടി എത്തുന്നവര്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുകയാണെന്നും ഒടുവില്‍ പ്രശ്‌നത്തിലാകുമ്പോള്‍ കോണ്‍സുലേറ്റിനെ സമീപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. 2.6 ദശലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് യു.എ.ഇയിലുള്ളത്. ഇവരില്‍ സിംഹഭാഗവും താഴ്ന്ന വേതനക്കാരാണ്.
വിസിറ്റ് വീസയില്‍ തൊഴില്‍ തേടി വിദേശത്ത് പോകരുതെന്ന ഇന്ത്യ മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും ഇത്തരത്തില്‍ വരുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഏജന്‍റുമാരില്‍ നിന്ന് വിസ വാങ്ങിയാണ് ഇവര്‍ യുഎഇയിലെത്തുന്നത്. ഇവിടെ എത്തിയ ശേഷം ചെറുകിട ജോലികള്‍ ചെയ്തു കാര്യമായ സമ്പാദ്യമൊന്നുമില്ലാതെ ജീവിക്കുകയാണ്. ഇവരില്‍ വലിയൊരു വിഭാഗത്തിനും മുഴു സമയ ജോലി കണ്ടെത്താനാവുന്നില്ല. വീസയുടെ കാവാവധി തീര്‍ന്നാലോ അല്ലെങ്കില്‍ കയ്യില്‍ കാശില്ലാതെ ബുദ്ധിമുട്ടിലാകുമ്പോഴോ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ സാധ്യമായ എല്ലാ സഹായങ്ങളും അവര്‍ക്ക് നല്‍കുന്നുണ്ട് -അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഇ-മൈഗ്രേഷന്‍ സംവിധാനത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ട യുഎഇ ഉല്‍പ്പെടെയുള്ള 18 വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകാന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമായ തൊഴിലാളികള്‍ ഇന്ത്യ വിടുന്നതിനു മുമ്പ് ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോണ്‍സല്‍ ജനറല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അനധികൃത റിക്രൂട്ട്‌മെന്‍റുകളും താഴില്‍ചൂഷണങ്ങളും തടയാന്‍ 2015-ലാണ് ഇന്ത്യ ഇ-മൈഗ്രേഷന്‍ സംവിധാനം കൊണ്ടു വന്നത്. കരാറില്‍ പറഞ്ഞിരിക്കുന്ന ശമ്പളത്തിലും കുറവാണ് തൊഴിലാളിക്ക് കിട്ടുന്നതെങ്കില്‍ വിസ നല്‍കിയ ഇന്ത്യയിലെ ഏജന്‍റിനെതിരെ നിയമ നടപടി സ്വീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുടിയേറ്റമെന്നാണ് 2015-ല്‍ ഇന്ത്യയില്‍ നിന്ന് യുഎഇലേക്കുള്ള പ്രവാസികളുടെ കുടിയേറ്റത്തെ ഓര്‍ഗനൈഷേഷന്‍ ഫോര്‍ ഇക്കണൊമിക് കൊഓപറേഷന്‍ ആന്‍റ് ഡെവലപ്‌മെന്‍റ് വിശേഷിപ്പിച്ചത് 1995-നും 2015-നുമിടയില്‍ 2.8 ദശലക്ഷം ഇന്ത്യക്കാര്‍ യുഎഇയിലേക്ക് കുടിയേറിയിട്ടുണ്ട്.