റിയാദ് - വ്യാജ ഓഫർ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിച്ചതിന് വ്യാപാര സ്ഥാപനം വാണിജ്യ, നിക്ഷേപ മന്ത്രാലയം അടപ്പിച്ചതായി മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ അറിയിച്ചു.
വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽനിന്നുള്ള ലൈസൻസില്ലാതെ ഓഫർ പ്രഖ്യാപിച്ച സ്ഥാപനത്തിൽ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ച സ്റ്റാന്റിൽ രേഖപ്പെടുത്തിയ വിലയും കൗണ്ടറിൽ ഈടാക്കുന്ന വിലയും തമ്മിൽ വ്യത്യാസമുള്ളതായി മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കുന്നതാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ഏതാനും ഉൽപന്നങ്ങളുടെ സാമ്പിളുകൾ മന്ത്രാലയ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ ഓഫർ പ്രഖ്യാപിച്ച സ്ഥാപനത്തിൽ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് സ്ഥാപനം അടപ്പിച്ചതെന്ന് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു.