തൃശൂര്‍- വരടിയത്ത് കഞ്ചാവ് കുടിപ്പകയില്‍ രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികള്‍ പിടിയില്‍. ചൊവ്വൂര്‍ മാളിയേക്കല്‍ വീട്ടില്‍ സഹോദരങ്ങളായ മിജോ എന്ന ഡയ്മന്‍ (25), ജിനു(23), വരടിയം തുഞ്ചന്‍ നഗര്‍ ചിറയത്ത് വീട്ടില്‍ സിജോ ജെയിംസ് (31), വരടിയം ചാക്കേരി വീട്ടില്‍ അഖില്‍ എന്ന പൂച്ച (23) എന്നിവരാണ് അറസ്റ്റിലായത്.
വോട്ടെടുപ്പ് ദിവസം ബുധനാഴ്ച അര്‍ധരാത്രിയോടെ വരടിയം പാറപ്പുറത്ത് വെച്ചാണ് രണ്ടു യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടത്. പിക്കപ്പ് വാന്‍ കൊണ്ട് ക്രിസ്‌റ്റോ, ശ്യാം എന്നിവര്‍ യാത്ര ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ച് വീഴ്ത്തി, വാളുകൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. ഇവരുടെ സുഹൃത്തുക്കളായ പ്രസാദ്, രാജേഷ് എന്നിവരെയും തൊട്ടടുത്ത കുരിശു പള്ളിക്കടുത്ത് വെച്ച് വാഹനമിടിച്ച് തെറിപ്പിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
കഞ്ചാവ് വില്‍പനയെ തുടര്‍ന്നുളള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിന്റെയും കുടിപ്പകയുടെയും പ്രതികാരമായാണ് ഇരു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതും ഇത് കൊലപാതകത്തിലേക്ക് നയിച്ചതും. എല്ലാവരും ഒട്ടേറെ കഞ്ചാവ്, മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്.
നിരവധി കേസുകളില്‍ പ്രതികളായ ഇവര്‍ക്ക് കോഴിക്കോട്ട് സ്വര്‍ണം തട്ടിയെടുത്ത കേസും, തമിഴ്‌നാട്ടില്‍ വാഹനം പരിശോധിയ്ക്കാനെത്തിയ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെട്ട കേസുകളും, കഞ്ചാവ്, മയക്കുമരുന്ന് കടത്ത് കേസുകളും, പേരാമംഗലം സ്‌റ്റേഷനില്‍ രണ്ട് വധശ്രമ കേസും നിലവില്‍ ഉണ്ട്.
കൊല്ലപ്പെട്ട ഇരുവര്‍ക്കും, പരിക്കേറ്റ് ചികിത്സയിലുള്ളവരായ സുഹൃത്തുക്കള്‍ക്കും മയക്കുമരുന്ന്, കഞ്ചാവ് കടത്ത് കേസുകള്‍ നിലവിലുണ്ട്.
കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ തേടി പീച്ചി വനപ്രദേശത്തും, ഒട്ടേറെ കേന്ദ്രങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. സംഭവത്തിന്റ രണ്ടാമത് ദിവസം തന്നെ പ്രതികളെ വലയിലാക്കാന്‍ പോലീസിന് കഴിഞ്ഞു. വെട്ടാനുപയോഗിച്ച ആയുധങ്ങള്‍ മുക്കാട്ടുകരയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇടിക്കാനുപയോഗിച്ച പിക്കപ്പ് വാഹനം ഒളിപ്പിച്ച നിലയില്‍ ചേറൂരുള്ള അടിയാറ എന്ന സ്ഥലത്തു നിന്നാണ് പിടിച്ചെടുത്തത്.
സംഘത്തിലെ മറ്റുള്ളവരെയും, സഹായികളേയും പോലീസ് തേടുന്നുണ്ട്.
സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഗുരുവായൂര്‍ എ.സി.പി പി.ബിജുരാജ്, പേരാമംഗലം സി.ഐ എ.എ അഷറഫ്, ക്രൈം സ്‌ക്വാഡ് എസ്.ഐമാരായ പി.ലാല്‍കുമാര്‍, ഗ്ലാഡ്സ്റ്റണ്‍, ബിനന്‍, എ.എസ്.ഐമാരായ രാജന്‍, എന്‍.ജി സുവ്രതകുമാര്‍, പി.എം റാഫി, കെ.കെ രാഗേഷ്, അനില്‍, സുദേവ്, കെ.ഗോപാലകൃഷ്ണന്‍, പോലീസുകാരായ പഴനി, ജീവന്‍, കെ.സൂരജ്, ലിന്റോ ദേവസ്സി, സുബീര്‍, മേേനാജ്, എം.എസ് ലിഗേഷ്, വിപിന്‍ദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.