ജിദ്ദ - ശ്രീലങ്കയിലെ കൊളംബോയില്‍ ഹോട്ടലിലുണ്ടായ ചാവേറാക്രമണത്തില്‍ മരിച്ച സൗദിയ ജീവനക്കാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അഹ്മദ് അല്‍ജഅ്ഫരിയുടെയും ഹാനി ഉസ്മാന്റെയും മയ്യിത്തുകള്‍ ബന്ധുക്കളും സഹപ്രവര്‍ത്തകരും അടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജിദ്ദ ബലദ് അമ്മാരിയയിലെ ഉമ്മുനാ ഹവ്വാ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
അല്‍ജുഫാലി ജുമാമസ്ജിദില്‍ സുബ്ഹി നമസ്‌കാരാനന്തരമാണ് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച രാത്രിയാണ് ഇരുവരുടെയും മയ്യിത്തുകള്‍ കൊളംബോയില്‍നിന്ന് വിമാന മാര്‍ഗം ജിദ്ദയിലെത്തിച്ചത്.
ഭീകരാക്രമണത്തില്‍ പരിക്കേറ്റ മൊറോക്കൊക്കാരിയായ എയര്‍ ഹോസ്റ്റസ് ഹാജറും മയ്യിത്തുകള്‍ വഹിച്ച വിമാനത്തില്‍ ജിദ്ദയില്‍ എത്തി. എയര്‍ ഹോസ്റ്റസിനെ സ്വീകരിക്കുന്നതിന് ജിദ്ദയിലെ മൊറോക്കൊ കോണ്‍സല്‍ ജനറലും കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഹോട്ടലിലെ റെസ്റ്റോറന്റില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് സ്‌ഫോടനത്തില്‍ തെറിച്ച ചില്ലു കഷ്ണം തറച്ച് ഹാജറിന് പരിക്കേറ്റത്.
സൗദിയ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും ജിദ്ദ സ്റ്റേഷന്‍ ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ മുഹമ്മദ് അല്‍സായിദിയും സൗദിയയിലെ ആയിരത്തോളം ജീവനക്കാരും മയ്യിത്തുകള്‍ സ്വീകരിക്കുന്നതിന് വിമാനത്താവളത്തിലുണ്ടായിരുന്നു.