തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി കേരളത്തില്‍ 18 സീറ്റുകളില്‍ ജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറം വയനാടും ഒഴികെയുള്ള സീറ്റുകളിലായിരിക്കും ജയം. കേരളത്തില്‍ രാഹുല്‍ ഗാന്ധിക്ക് മറ്റു മണ്ഡലങ്ങളില്‍ സ്വാധീനം ഉണ്ടാക്കാനായിട്ടില്ലെന്നാണ് സിപിഎം വിലയിരുത്തലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2004-ലെ തെരഞ്ഞെടുപ്പു ഫലം ആവര്‍ത്തിക്കുമെന്നാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരണം നടന്നു. ഈ വോട്ടുകള്‍ ഇടതിനു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു മണ്ഡലങ്ങളില്‍ യുഡിഎഫ്-ബിജെപി വോട്ടു കച്ചവടം നടന്നിട്ടുണ്ട്. ഇടതു മുന്നണിക്കു ഇത് അതിജീവിച്ചു മുന്നേറ്റം നടത്താന്‍ കഴിയുമെന്നനാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍-കോടിയേരി പറഞ്ഞു. വോട്ടു ശതമാനം വര്‍ധിച്ചത് അനുകൂലമാകും. പരമാവധി എല്‍ഡിഎഫ് വോട്ടര്‍മാര്‍ വോട്ടു ചെയ്തത് തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് കൂടുതല്‍ സീറ്റും വോട്ടും നേടിക്കൊടുക്കുമെന്ന പൂര്‍ണ വിശ്വാസമാണ് സെക്രട്ടേറിയറ്റിനുള്ളതെന്നും കോടിയേരി പറഞ്ഞു.
ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് സിപിഎം വിലയിരുത്തല്‍. ബിജെപിക്ക് കഴിഞ്ഞ തവണത്തേതിനേക്കാല്‍ കൂടുതല്‍ വോട്ട് ഓഹരി ലഭിക്കുമെന്നും കോടിയേരി പറഞ്ഞു.