മക്ക- വിശുദ്ധ ഹറമിന്റെ മുറ്റങ്ങളിലും മതാഫിലും തണൽകുടകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അടുത്ത ഹജിനു ശേഷം നടപ്പാക്കുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ.അബ്ദുറഹ്മാൻ അൽ സുദൈസ് വെളിപ്പെടുത്തി. ഏറ്റവും മികച്ച മാനദണ്ഡങ്ങളോടെയാണ് പദ്ധതി നടപ്പാക്കുക. അടുത്ത കൊല്ലത്തെ റമദാനു മുമ്പായി പദ്ധതി പൂർത്തിയാക്കും.
വിഷൻ-2030 പദ്ധതി അനുസരിച്ച് പ്രതിവർഷം മൂന്നു കോടിയിലേറെ ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിന് ഹറംകാര്യ വകുപ്പ് ഒരുക്കങ്ങൾ നടത്തിവരികയാണ്. ഈ വർഷത്തെ റമദാനിൽ ഹറംകാര്യ വകുപ്പ് 140 ലേറെ പദ്ധതികൾ നടപ്പാക്കും. തീർഥാടകർ അടക്കമുള്ളവർക്ക് ബന്ധപ്പെടുന്നതിന് ഏകീകൃത നമ്പർ സേവനവും ഹറംകാര്യ വകുപ്പ് പുതുതായി ആരംഭിച്ചിട്ടുണ്ട്.
തീർഥാടകർക്കും വിശ്വാസികൾക്കും ഏറ്റവും മുന്തിയ സേവനങ്ങൾ നൽകുന്നതിന് 60 ലേറെ വകുപ്പുകൾ തീവ്രശ്രമം നടത്തുന്നു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിശുദ്ധ ഹറമിൽ നടത്തിയ സന്ദർശനം ഹറമിലെ പദ്ധതികൾ പൂർത്തിയാക്കുന്ന ത്വരിത വേഗത്തിലുള്ള പ്രയാണത്തിന് തുടക്കമായി. ഹറമിലെ പദ്ധതികളും മൂന്നാമത് സൗദി വികസനവും പൂർത്തിയാക്കുന്നതിന് അന്നു മുതൽ ഹറംകാര്യ വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുമായി ശക്തമായി സഹകരിച്ചു വരികയാണ്. തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ട് ഹറംകാര്യ വകുപ്പും മക്ക ഗവർണറേറ്റും മറ്റു സർക്കാർ വകുപ്പുകളും നിരവധി കാമ്പയിനുകൾ നടത്തിയിട്ടുണ്ട്. വിശുദ്ധ റമദാനിൽ ഹറമിലെത്തുന്നവർക്ക് സേവനങ്ങൾ നൽകുന്നതിന് പതിനായിരത്തിലേറെ ജീവനക്കാരെ ഒരുക്കിയിട്ടുണ്ട്. ഹറമിൽ ഇതിനകം വികസിപ്പിച്ചു കഴിഞ്ഞ ഭാഗത്ത് മൂന്നു ലക്ഷത്തിലേറെ പേർക്ക് ഒരേസമയം നമസ്‌കാരം നിർവഹിക്കുന്നതിന് സാധിക്കും. വികസന പദ്ധതി പൂർത്തിയാകുന്നതോടെ ഇവിടെ പത്തു ലക്ഷത്തിലേറെ പേർക്ക് ഒരേ സമയം നമസ്‌കാരം നിർവഹിക്കുന്നതിന് കഴിയും. വിഷൻ-2030 പദ്ധതി അനുസരിച്ച് വനിതാ ശാക്തീകരണത്തിന് ഹറംകാര്യ വകുപ്പ് നടപടികളെടുത്തിട്ടുണ്ട്. ഹറംകാര്യ വകുപ്പിനു കീഴിൽ വനിതാ കാര്യങ്ങൾക്ക് പ്രത്യേക വിഭാഗം തുറന്നിട്ടുണ്ട്.
വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ മക്കൾക്കും ദക്ഷിണ അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് ഹറംകാര്യ വകുപ്പ് പദ്ധതിയിൽ ഊന്നൽ നൽകുന്നുണ്ട്. വിശുദ്ധ റമദാനിൽ ഭജനമിരിക്കുന്നവർക്കു വേണ്ടി ഹറമിൽ പ്രത്യേക സ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണ പാനീയങ്ങളും വസ്ത്രങ്ങൾ അടക്കമുള്ള വ്യക്തിപരമായ വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള അലമാരയും ഉൾപ്പെടെ എല്ലാവിധ സേവനങ്ങളും ഭജനമിരിക്കുന്നവർക്ക് ലഭ്യമാക്കുമെന്നും ശൈഖ് ഡോ.അബ്ദുറഹ്മാൻ അൽ സുദൈസ് പറഞ്ഞു.