തുറൈഫ്- സൗദി അറേബ്യയിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാൻ തുടങ്ങിയെങ്കിലും തുറൈഫിൽ വാഹനമോടിക്കുന്ന യുവതികൾ കുറവെന്ന് സൂചന. തുറൈഫിൽ ഒരു വനിതാ ക്ലബ് സ്ത്രീകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകിയിരുന്നു. നൂറിലധികം വനിതകൾ പ്രസ്തുത ക്യാമ്പിൽ പരിശീലനവും നേടിയിരുന്നു. പക്ഷെ പൊതുനിരത്തിൽ തങ്ങളുടെ ആവശ്യത്തിന് സ്വന്തമായി വാഹനം ഓട്ടുന്നവർ ഇപ്പോഴും കുറവാണ്. മരുഭൂമിയിൽ ആടിന് തീറ്റ കൊണ്ടുപോയി കൊടുക്കുന്ന വാഹനങ്ങൾ മുമ്പു തന്നെ വനിതകൾ ഓടിച്ചിരുന്നു.
എന്നാൽ കോളേജ്, സ്‌കൂൾ, ആശുപത്രി എന്നിവിടങ്ങളിലേക്ക് നഗരത്തിൽ കൂടി വാഹനങ്ങൾ ഓടിക്കുവാൻ ഇപ്പോഴും സ്ത്രീകൾ മുന്നോട്ട് വരുന്നില്ല. ഹൗസ് ഡ്രൈവർമാരുടെ എണ്ണത്തിലും കാര്യമായ കുറവ് ഇവിടെ അനുഭവപ്പെടുന്നില്ല എന്നതും ഒരു വസ്തുതയാണ്. ഏതാനും വർഷങ്ങൾക്കകം സ്ത്രീകൾ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പൊതു നിരത്തിൽ വാഹനമോടിക്കാൻ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ട്രാഫിക് പോലീസ് അധികൃതർ അറിയിച്ചു.