കൊച്ചി- കല്ലട ബസിൽ യാത്രക്കാരെ ജീവനക്കാർ മർദിച്ച് ഇറക്കിവിട്ട സംഭവത്തിൽ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട അന്വേഷണ സംഘത്തിന്റെ മുമ്പാകെ ഹാജരായി. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു.തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സ്റ്റുവർട് കീലറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തത്. യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ചതും ഇറക്കി വിട്ടതും തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയെടുത്തുവെന്നും സുരേഷ് കല്ലട പറഞ്ഞതായാണ് വിവരം.
മൊഴി വിശദമായി പരിശോധിച്ച ശേഷം വൈരുധ്യം കണ്ടെത്തിയാൽ വീണ്ടും വിളിച്ചു വരുത്തുമെന്നും അന്വേഷണ സംഘം പറഞ്ഞു. വൈകിട്ട് ആറു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഒമ്പതരയോടെയാണ് പൂർത്തിയായത്. കല്ലട ട്രാവൽസുമായി ബന്ധപ്പെട്ട രേഖകളുടെ ആധികാരികത പരിശോധിച്ച് വ്യക്തത വരുത്തുന്നതിനായി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകുമെന്ന് എ.സി.പി സ്റ്റുവർട് കീലർ പറഞ്ഞു.നിലവിൽ സുരേഷ് കല്ലടയക്കെതിരെ പോലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ ആവശ്യമുണ്ടെങ്കിൽ അദ്ദേഹത്തെ വീണ്ടും വിളിച്ചു വരുത്തും.