തിരുവനന്തപുരം- സംസ്ഥാനത്ത് 29, 30, മേയ് ഒന്ന് തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഒരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള ഈ ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് നാശം വിതക്കാനുള്ള സാധ്യതയുണ്ട്. ഏപ്രില്‍ 30 നോട് കൂടി തമിഴ്‌നാട് തീരത്ത് പതിക്കാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റ് കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴ നല്‍കാനിടയുണ്ട്. ഈ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ നാളെ മുതല്‍ കേരളത്തില്‍ ശക്തമായ കാറ്റ് (മണിക്കൂറില്‍ 30-40 കിമി മുതല്‍ ചില സമയങ്ങളില്‍ 50 കിമി വരെ വേഗത്തില്‍ ) വീശാന്‍ സാധ്യത ഉണ്ട്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും ഈ സമയത്ത് മത്സ്യബന്ധനത്തിന് പോകരുത്.
കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഏപ്രില്‍ 29 ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 29 ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം (ശക്തമായ മഴ), എന്നീ ജില്ലകളില്‍ മഴയുടെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.