ജിദ്ദ- സാമ്പത്തിക ബാധ്യത കാരണം കുടുംബാംഗങ്ങളെ നാട്ടിലേക്കയച്ച മലയാളി പ്രവാസികള്‍ പുന:സമാഗത്തിന്റെ ആഹ്ലാദത്തില്‍.
ആശ്രിതര്‍ക്ക് ലെവി ഈടാക്കിയത് മുതലാണ് ആയിരക്കണക്കിന് മലയാളി കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിച്ചത്. ഈ പ്രതിഭാസത്തെ തുടര്‍ന്ന് നഗരത്തിലെ ഏതാനും മലയാളി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. ഷറഫിയയും ബലദുമുള്‍പ്പെടെ മലയാളി കേന്ദ്രങ്ങള്‍ ആളൊഴിഞ്ഞ നിലയായി. ഒരു ഇടവേളക്ക് ശേഷം മലയാളി കുടുംബങ്ങള്‍ സന്ദര്‍ശക വിസയില്‍ എത്തിച്ചേര്‍ന്നതാണ് പ്രവാസ ജീവിതത്തിന് പുത്തനുണര്‍വ് പകര്‍ന്നത്. നാട്ടിലെ സ്‌കൂള്‍ അവധിക്കാലം തുടങ്ങിയത് മുതലാണ് മലയാളി കുടുംബങ്ങള്‍ വീണ്ടുമെത്താന്‍ ആരംഭിച്ചത്. ഇക്കഴിഞ്ഞ ദിവസം രാത്രിയില്‍ ഷറഫിയയില്‍ അനുഭവപ്പെട്ട മലയാളി കുടുംബങ്ങളുടെ ഷോപ്പിംഗ് തിരക്ക് പോയ് മറഞ്ഞ കാലത്തിന്റെ ഓര്‍മയുണര്‍ത്തി. രണ്ടും മൂന്നും മാസത്തെ താമസത്തിനെത്തുന്നവര്‍ക്ക് വാടക വീടുകള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്ന ഏജന്‍സികളും സജീവമായിട്ടുണ്ട്. ഫര്‍ണിഷ്ഡ് വേണ്ടവര്‍ക്ക് അതും ഒരുക്കി കൊടുക്കാന്‍ ആളുണ്ട്. ധാരാളം പേര്‍ വിട്ടു പോയതിനെ തുടര്‍ന്ന് താമസക്കാരില്ലാതായ കെട്ടിടങ്ങളില്‍ ആളനക്കമായിട്ടുണ്ട്. മൂന്നും നാലും പേരുള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് സൗദിയിലെത്താന്‍ വലിയ ചെലവില്ലെന്നതും ആകര്‍ഷകമാണ്. വിസിറ്റ് വിസയ്ക്ക് നിരക്ക് ഇളവ് നല്‍കിയതിനൊപ്പം കോഴിക്കോട്-ജിദ്ദ റൂട്ടില്‍ ബജറ്റ് എയര്‍ലൈനായ സ്‌പൈസ് ജെറ്റ് സര്‍വീസ് തുടങ്ങിയതും അനുഗ്രഹമായി. 1200 റിയാലിന് ഈ വിമാനത്തില്‍ റിട്ടേണ്‍ ടിക്കറ്റ് ലഭിക്കുന്നുണ്ട്. നിത്യേനയുള്ള ഈ സര്‍വീസിന്റെ സമയവും കുടുംബങ്ങളുടെ യാത്രയ്ക്ക് സൗകര്യപ്രദമാണ്. 2000 റിയാല്‍ കുടുംബ വിസ ലഭിക്കാന്‍ മുടക്കിയിരുന്ന കുടുംബങ്ങള്‍ക്ക് വിസിറ്റ് വിസ ഇനത്തില്‍ 300 റിയാല്‍ മാത്രമേ ചെലവ് വരുന്നുള്ളുവെന്നതും ആശ്വാസകരമാണ്.
കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങളില്‍ സൗജന്യ നിരക്കിന്റെ സീസണാണിത്. ഹൈ സീസണ്‍
ചൂഷണം ചെയ്ത് 2600 മുതല്‍ 3000 റിയാല്‍ വരെ ഈടാക്കിയിരുന്ന പ്രമുഖ വിമാന കമ്പനികളും പ്രലോഭിപ്പിക്കുന്ന ഓഫറുമായി രംഗത്തുണ്ട്. ഇക്കഴിഞ്ഞ സ്‌കൂള്‍ അവധി-പെരുന്നാള്‍ സീസണില്‍ 3500 റിയാല്‍ വരെ ജിദ്ദ-കോഴിക്കോട് സെക്ടറില്‍ ഈടാക്കിയ വിമാന കമ്പനിയുമുണ്ട്.
സാധാരണ വേനല്‍ക്കാല അവധിയിലെ തിരക്ക് കണക്കിലെടുത്ത് നേരത്തെ ബുക്ക് ചെയ്ത് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാറുണ്ട്. സ്‌കൂള്‍ അവധിക്കാലത്ത് നാട്ടിലേക്ക് യാത്ര ചെയ്ത് പെരുന്നാളും ഓണവും കഴിഞ്ഞു തിരിച്ചു വരാന്‍ ഇപ്പോഴേ ടിക്കറ്റ് പര്‍ച്ചേസ് ചെയ്യാനാവും.