ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ നിർവഹിക്കേണ്ട കടമ വോട്ടുകൾ പാഴാക്കാതെ നിർവഹിക്കുന്നതിൽ കേരളം മാതൃകയായി എന്നു വേണം വിലയിരുത്താൻ. പോളിംഗ് ശതമാനം മുൻപൊന്നുമില്ലാത്ത വിധം 77.68 ലേക്ക് ഉയരാൻ കാരണമിതാണ്. മൂന്നു പതിറ്റാണ്ടിനിടെ ഇത്രയേറെ പേർ വോട്ട് ചെയ്യുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ലോക്‌സഭാ തെഞ്ഞൈടുപ്പിൽ 74.2 ശതമാനമായിരുന്നു പോളിംഗ്. കണ്ണൂരിന്റെ രാഷ്രീയ ചൂട് വോട്ടിംഗിലും പ്രതിഫലിച്ചു. ഈ മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് -83.32 ശതമാനം. എട്ടു മണ്ഡലങ്ങളിൽ പോളിംഗ് 80 ശതമാനം കടന്നു. മറ്റിടങ്ങളിൽ 70 ശതമാനത്തിനു മുകളിലും. ഇത്തവണ സമ്മതിനാവകാശത്തെ രാജ്യത്തിന്റെ വിധി നിർണയത്തിനുള്ള അവകാശമായി ശരിക്കും ജനം കണ്ടുവെന്നു വേണം ഇതിൽനിന്നു മനസ്സിലാക്കാൻ. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ഉയർന്ന ജനാധിപത്യ ബോധം കാത്തു സൂക്ഷിച്ചു. ഇതിൽ പ്രവാസികൾക്ക് വലിയ പങ്ക് വഹിക്കാനായിട്ടില്ലെങ്കിലും സാധ്യമായവർ അതു നിർവഹിച്ചുവെന്നതിൽ അഭിമാനിക്കാം. വോട്ട് നിർവഹിക്കാൻ മാത്രമായി അവധിയെടുത്തും സ്വന്തം പണം മുടക്കിയും നിരവധി പ്രവാസികൾ കേരളത്തിലെത്തിയിരുന്നു. പല മണ്ഡലങ്ങളിലെയും വോട്ടിംഗ് ശതമാനം കൂടാൻ ഇതും ഒരു ഘടകമാണ്.
മുൻപ് ഒരു തെരഞ്ഞെടുപ്പുകളിലും കാണിക്കാതിരുന്ന താൽപര്യവും ഇടപെടലുകളും ഈ തെരഞ്ഞെടുപ്പിൽ പ്രവാസികൾ കാണിച്ചിട്ടുണ്ട്. ഒട്ടേറെ കടമ്പകൾ കടന്നിട്ടാണെങ്കിലും വോട്ടേഴ്‌സ് ലിസ്റ്റിൽ കൂടുതൽ പേർ കയറിക്കൂടിയത് മാത്രമല്ല, ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുക കൂടി ചെയ്യുന്നതിനാലാണ് സാമ്പത്തിക നഷ്ടങ്ങൾ ഏറെ സഹിച്ചും വോട്ടുള്ള പ്രവാസികളിൽ നല്ല പങ്കും അതു നിർവഹിക്കുന്നതിന് നാട്ടിലെത്തിയത്. പോകാൻ കഴിയാത്തവർ പ്രചാരണ വേളകളിൽ സജീവ പങ്കാളികളായി അതിൽ ഭാഗഭാക്കായി.
ഒരു ജനാധിപത്യ സമൂഹത്തിൽ നടമാടുമെന്ന് വിശ്വസിക്കാൻ കഴിയാത്തത്ര അതിക്രമങ്ങളും വഴിവിട്ടുള്ള സഹായങ്ങളും നാനാത്വത്തിലെ ഏകത്വത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന തീരുമാനങ്ങളും കൊണ്ട് കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ഭരണം കൊണ്ട് പൊറുതി മുട്ടിയവർ അതിന് പരിഹാരം തേടിയും, അതല്ല ഇതേ നില തുടരണമെന്ന് മോഹിച്ചും തങ്ങൾക്ക് കൈവശം വന്ന അധികാരം വിനിയോഗിക്കാൻ തയാറായിരിക്കുന്നു എന്നു വേണം ഉയർന്ന പോളിംഗിനെ കാണാൻ. കേരളത്തിന്റെ മതേതര മനസ്സുവെച്ച് വിലയിരുത്തിയാൽ കേന്ദ്രത്തിൽ ഒരു ഭരണ മാറ്റം ആഗ്രഹിച്ചു തന്നെയാകും വോട്ടർമാരിൽ ഭൂരിപക്ഷവും വിധിയെഴുതയിട്ടുണ്ടാവുക. എന്തു തന്നെയായാലും കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തെയാണ് പലയിടത്തും പോളിംഗ് സമയം കഴിഞ്ഞും ക്യൂവിൽ കാത്തു നിന്ന് വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ചത്.
പ്രവാസികളായാൽ പിന്നെ നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളിൽ എന്തിരിക്കുന്നുവെന്ന ചിന്ത പ്രവാസികളിൽ ഒരു കാലത്ത് ഉണ്ടായിരുവെങ്കിലും അതിൽ കാതലായ മാറ്റം വന്നിരിക്കുന്നു. നാട്ടിലെ ഓരോ പ്രശ്‌നങ്ങളും തങ്ങളെയും ബാധിക്കുന്നതാണെന്ന തിരിച്ചറിവും അവകാശങ്ങളെക്കുറിച്ചുള്ള ഉയർന്ന ചിന്താഗതിയുമാണ് ഇത്തവണ പ്രവാസികളായ കൂടുതൽ പേരെ വോട്ടേഴ്‌സ് ലിസ്റ്റിൽ കയറിക്കൂടാൻ പ്രേരിപ്പിച്ചത്. എല്ലാ പ്രവാസികൾക്കും വോട്ടെന്ന സ്വപ്‌നം യാത്ഥാർഥ്യമായി കാണാനുള്ള പോരാട്ടവും അവർ തുടരുകയാണ്. അത് ഒരു പരിധി വരെ വിജയിച്ചുവെങ്കിലും പൂർണതയിലെത്താത്തത് നിരാശ സമ്മാനിക്കുന്നുണ്ടെങ്കിലും കിട്ടിയ അവസരം പരമാവധി മുതലാക്കുകയെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ പരമാവധി പേരെ ചേർക്കാനുള്ള നടപടികൾ പ്രവാസി സംഘടനകളുടെയും വ്യക്തികളുടെയും ഭാഗത്തുനിന്നുണ്ടായത്. ഇതിന്റെ ഫലമായി 80,000 ത്തോളം പ്രവാസികളാണ് വോട്ട് ചെയ്യാനുള്ള അവകാശം നേടിയെടുത്തത്. ഇന്ത്യയിൽ 1.3 കോടി പ്രവാസികളുണ്ടെങ്കിലും വോട്ടേഴ്‌സ് ലിസ്റ്റിൽ ഇടം കിട്ടിയത് ഇത്രയും പേർക്കു മാത്രമാണ്. അതിൽ 92 ശതമാനവും കേരളത്തിൽനിന്നുള്ളവരാണെന്നതിൽ മലയാളികളായ പ്രവാസികൾക്ക് അഭിമാനിക്കാം. കേരളത്തിലെ 2,61,51,534 വോട്ടർമാരിൽ 73.308 പേർ പ്രവാസികളാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടായിരുന്നത് 12,653 പേർക്കു മാത്രമായിരുന്നു. അത് അഞ്ച് ഇരട്ടിയിലേറെയായി വർധിച്ചുവെന്നത് കാണിക്കുന്നത് പ്രവാസികളുടെ ഉയർന്ന ജനാധിപത്യ ബോധമാണ്.
ഒരു പൗരന്റെ അവകാശം എന്നതിനേക്കാളുപരി അതു വിനിയോഗിക്കേണ്ടതിന്റെ അനിവാര്യത കൂടി ബോധ്യമായതോടെയാണ് പ്രയാസങ്ങളെല്ലാം തരണം ചെയ്ത് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരു വരുത്താനും അതു വിനിയോഗിക്കാനും പ്രവാസികളെ പ്രേരിപ്പിച്ചത്. ലിസ്റ്റിൽ പേരുള്ള എല്ലാവർക്കും പോയി വോട്ട് ചെയ്യാനുള്ള സാഹചര്യം കിട്ടിയിട്ടില്ലെങ്കിലും പരമാവധി പേർ ഇക്കുറി നാട്ടിലേക്കു പോയി എന്നത് ഒരു പരമാർഥമാണ്. കൂട്ടായും ഒറ്റയായും പോയി വോട്ട് ചെയ്യാൻ മുൻ തെരഞ്ഞെടുപ്പുകളിലേക്കാളും കൂടുതൽ താൽപര്യം ഇത്തവണ പ്രവാസികൾ കാണിച്ചിരുന്നു. ഇത് പ്രശംസനീയമാണ്. ഈ നിലപാട് നാം തുടരണം. അതോടൊപ്പം നാം ജോലി ചെയ്യുന്നിടത്തുനിന്നുകൊണ്ടു തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള, അതല്ലെങ്കിൽ നമ്മുടെ പകരക്കാർക്കെങ്കിലും അതു നിർവഹിക്കാനുള്ള പ്രോക്‌സി വോട്ടിംഗ് സംവിധാനത്തിനായുള്ള പോരാട്ടം തുടരുകയും വേണം. പ്രോക്‌സി വോട്ട് നിർവഹിക്കാൻ അനുമതി നൽകിയുള്ള ജനാധിപത്യാവകാശ ഭേദഗതി ബിൽ ലോക്‌സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ അതു പാസാക്കാതെ പോയി. ഇനി അധികാരത്തലേറുന്നവർ ഇക്കാര്യത്തിൽ വീഴ്ചയുണ്ടാക്കാതെ അതു പൂർത്തീകരിക്കുന്നതിന് പ്രവാസികളായ നാം ഒറ്റക്കെട്ടായി നിന്ന് പോരാട്ടം തുടരുക തന്നെ വേണം. അതു സാധ്യമാകുന്നതോടെ പ്രവാസികളെ നിസ്സാരക്കാരായി ആർക്കും എഴുതിത്തള്ളാൻ കഴിയാതെ വരും. അതു നാം പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള പോംവഴിയായും മാറും. അതിനാൽ ജനാധിപത്യ വീര്യവും ബോധവും നഷ്ടപ്പെടാതെ സൂക്ഷിക്കുക.