റിയാദ് - കഴിഞ്ഞ ചൊവ്വാഴ്ച വധശിക്ഷക്ക് വിധേയനാക്കിയ ഭീകരൻ ഖാലിദ് ഹമൂദ് ജുവൈർ അൽഫറാജിനെ അറസ്റ്റ് ചെയ്യുന്നതിന് വീട് റെയ്ഡ് ചെയ്യുന്നതിനിടെ ഭീകരൻ നടത്തിയ വെടിവെപ്പിൽ മരിച്ചവരുടെ കൂട്ടത്തിൽ സ്വന്തം പിതാവ് അടക്കം ഏഴു പേർ.
ആറു സുരക്ഷാ സൈനികരും ഭീകരൻ നടത്തിയ മിന്നലാക്രമണത്തിൽ വീരമൃത്യു വരിച്ചിരുന്നു. പിതാവിന്റെ വീട്ടിൽ തന്നെയാണ് ഖാലിദ് ഹമൂദ് ജുവൈർ അൽഫറാജ് കഴിഞ്ഞിരുന്നത്. പിതാവിന്റെ അറിവോടെയാണ് സുരക്ഷാ വകുപ്പുകൾ ഭീകരനെ അറസ്റ്റ് ചെയ്യുന്നതിനുള്ള റെയ്ഡിന് എത്തിയത്.
സുരക്ഷാ സൈനികരുമായി പൂർണ തോതിൽ സഹകരിച്ച സൗദി പൗരൻ അന്വേഷണോദ്യോഗസ്ഥരെ വീട്ടിൽ സ്വീകരിച്ചു. വീടിന്റെ ഉൾവശത്തെ മുറ്റത്തുവെച്ച് സുരക്ഷാ സൈനികർ ഭീകരന്റെ പിതാവുമായി സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഭീകരൻ ഇവർക്കു നേരെ യന്ത്രത്തോക്ക് ഉപയോഗിച്ച് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. പതിനാറു വർഷം മുമ്പായിരുന്നു ഇത്.
റെയ്ഡിനിടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട ഭീകരനെ കിഴക്കൻ റിയാദിൽ അൽസുലൈ ഡിസ്ട്രിക്ടിലെ ഇസ്തിറാഹ റെയ്ഡ് ചെയ്താണ് പിന്നീട് അറസ്റ്റ് ചെയ്തത്. റെയ്ഡിനിടെ ഖാലിദ് ഹമൂദ് ജുവൈർ അൽഫറാജ് അടക്കം ഏഴു ഭീകരർ അറസ്റ്റിലായി. ബോംബുകളും ആറു യന്ത്രത്തോക്കുകളും ആർ.പി.ജി ഷെല്ലുകളും റോക്കറ്റും ഒമ്പതു കൈത്തോക്കുകളും വെടിയുണ്ടകളും കാട്രിഡ്ജുകളും മറ്റും ഭീകരരുടെ താവളത്തിൽ കണ്ടെത്തിയിരുന്നു.