റിയാദ്- റെഡ് സിഗ്നലിൽ വാഹനങ്ങൾ വലതു വശത്തേക്ക് തിരിക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നലെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ട്രാഫിക് വിഭാഗം ഇക്കാര്യം ചിത്രങ്ങൾ സഹിതം വിശദീകരിച്ചത്. മെയിൻ റോഡിൽ ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിക്കുന്നതിന് മുമ്പായി വാഹനങ്ങളില്ലെന്ന് ഉറപ്പു വരുത്തുന്നതിന് വാഹനം നിറുത്തേണ്ടതുണ്ട്.
മെയിൻ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ കടന്നു പോകുന്നതിന് പ്രാധാന്യം നൽകണം. ജംഗ്ഷന് മുമ്പായി സർവീസ് റോഡ് ഉണ്ടെങ്കിൽ റെഡ് സിഗ്നലിൽ വലതു വശത്തേക്ക് തിരിയുന്നത് സിഗ്നൽ കട്ടു ചെയ്തതായാണ് പരിഗണിക്കുക. അതിനാൽ അത്തരം സ്ഥലങ്ങളിൽ വലതു വശത്തേക്ക് തിരിയുന്നതിന് സർവീസ് റോഡ് തന്നെ ആശ്രയിക്കണം.
സർവീസ് റോഡ് ഇല്ലാത്ത പ്രധാന വീഥിയിൽ വലത് വശത്തേക്ക് തിരിയേണ്ടവർ വലത്തെ ട്രാക്ക് തന്നെ ഉപയോഗിക്കേണ്ടതുണ്ട്. പ്രധാന വീഥിയും സർവീസ് റോഡുകളുമുള്ളിടത്ത് വലത് വശത്തേക്ക് തിരിയേണ്ട വാഹനങ്ങളും വലത്തേ ട്രാക്ക് ഉപയോഗിക്കണമെന്ന് ട്രാഫിക് വിഭാഗം ട്വീറ്റിൽ വ്യക്തമാക്കി.