റിയാദ് - ദക്ഷിണ റിയാദിലെ ഹോത്ത ബനീ തമീമില്‍ റോഡിലൂടെ ഇഴഞ്ഞുനടന്ന മുതലയെ സുരക്ഷാ വകുപ്പുകള്‍ കുരുക്കിട്ട് പിടികൂടി. റോഡിലൂടെ മുതല നടന്നത് ആളുകളെ പരിഭ്രാന്തരാക്കുകയും അമ്പരിപ്പിക്കുകയും ചെയ്തു. മുതല റോഡിലൂടെ ഇഴഞ്ഞുനടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷാ വകുപ്പുകള്‍ സ്ഥലത്തെത്തി മുതലയെ കുരുക്കിട്ട് പിടികൂടിയത്.
ദിവസങ്ങള്‍ക്കു മുമ്പ് ഹോത്ത ബനീ തമീമില്‍ സംഘടിപ്പിച്ച മൃഗപ്രദര്‍ശന നഗരിയില്‍ നിന്ന് കാണാതായ മുതലയാണ് ഇതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മുതലയെ കാണാതായതായി പ്രദര്‍ശനത്തിന്റെ സംഘാടകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും സുരക്ഷാ വകുപ്പുകളും പ്രദേശത്ത് ശക്തമായ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും മുതലയെ കണ്ടെത്തുന്നതിന് സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് വ്യായാമത്തിനു വേണ്ടി നടക്കാനിറങ്ങിയ യുവാക്കളാണ് ഫുട്പാത്തിലൂടെ ഇഴഞ്ഞുനടന്ന മുതലയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ സുരക്ഷാ വകുപ്പുകളെ വിവരമറിയിക്കുകയായിരുന്നു. കുരുക്കിട്ട് പിടിച്ച മുതലയെ പിന്നീട് മൃഗപ്രദര്‍ശന നഗരിയിലെ ഉടമക്ക് കൈമാറി.