Sorry, you need to enable JavaScript to visit this website.

കന്നുകാലി കശാപ്പ് നിയന്ത്രണം:  പ്രതിസന്ധി പരിഹരിക്കാൻ പദ്ധതി  ആവിഷ്‌കരിക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം- കന്നുകാലി കശാപ്പ് കേന്ദ്രം നിയന്ത്രിച്ചത് മൂലം കേരളത്തിലെ മാട്ടിറച്ചി വിപണന മേഖലയും പാൽ ഉൽപാദനവും നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ കേരളത്തിലെ വ്യവസായ സമൂഹം പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 
ഒരു വർഷം 6500 കോടി രൂപയുടെ മാട്ടിറച്ചി കേരളത്തിൽ വിൽക്കുന്നുണ്ട്. 15 ലക്ഷം കാലികളാണ് പുറത്തുനിന്ന് കേരളത്തിലേക്ക് വരുന്നത്. 
പുതിയ നിയന്ത്രണം നമ്മുടെ ഭക്ഷണ ആവശ്യത്തെയും പാൽ ഉൽപാദനത്തെയും വളരെ പ്രതികൂലമായി ബാധിക്കും. ഈ പ്രതിസന്ധി വ്യവസായ അവസരമായി മാറ്റിയെടുക്കാൻ കഴിയണം. കാലികളെ വളർത്തുന്ന ഫാമുകളും ആധുനിക അറവുശാലകളും വരണം.  അതിന്റെ ഭാഗമായി പാൽ ഉൽപാദനവും വർധിക്കും. പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കാൻ അതുവഴി കഴിയുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) പ്രതിനിധികളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു.  
മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചർച്ചയിൽ സി.ഐ.ഐ ചെയർമാൻ ജി.കൃഷ്ണകുമാർ, വൈസ് ചെയർമാൻ ജോർജ് പോൾ, മുൻ ചെയർമാൻമാരായ നവാസ് മീരാൻ, ഐ.ബി.എസ് സോഫ്റ്റ്‌വേർ എക്‌സിക്യൂട്ടിവ് ചെയർമാൻ കൂടിയായ വി.കെ.മാത്യൂസ്, ജോസ് ഡൊമിനിക്, ശിവദാസ്.ബി മേനോൻ, എം.എസ്.എ കുമാർ, പി.ഗണേശ്, ഹരികൃഷ്ണൻ.ആർ നായർ, എ.വി ജോർജ്, ജോൺ തോമസ് മുത്തൂറ്റ്, രഘുചന്ദ്രൻ നായർ എന്നിവരും പ്ലാനിങ് ആസൂത്രണ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ വി.എസ്.സെന്തിൽ, ഐ.ടി സെക്രട്ടറി എം.ശിവശങ്കർ എന്നിവരും പങ്കെടുത്തു.
ഭവന രഹിതർക്ക് വീടുണ്ടാക്കിക്കൊടുക്കുന്ന ലൈഫ് മിഷൻ പദ്ധതിക്ക് സി.ഐ.ഐയുടെ പിന്തുണയും പങ്കാളിത്തവും മുഖ്യമന്ത്രി അഭ്യർഥിച്ചു. സർക്കാരിന്റെ ഡിസൈൻ പ്രകാരം ചില ഭവന സമുച്ചയങ്ങൾ വ്യവസായ മേഖലക്ക് നിർമിച്ചു തരാൻ കഴിയും. കേരളത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വകാര്യ മേഖലക്ക് ഇവിടെ മുതൽ മുടക്കുന്നതിന് ഒരു തടസ്സവുമില്ല. മറിച്ചുള്ളതെല്ലാം പ്രചാരണമാണ്. കേരളം വ്യവസായ സൗഹൃദമാണെന്ന സന്ദേശം ബന്ധപ്പെട്ടവരിൽ എത്തിക്കുന്നതിന് സി.ഐ.ഐക്ക് നല്ല പങ്ക് വഹിക്കാൻ കഴിയും.  
കാർഷിക മേഖലയിലെ സ്വകാര്യ പങ്കാളിത്തം സർക്കാർ സ്വാഗതം ചെയ്യുകയാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് കൃഷി വകുപ്പ് എല്ലാ പ്രോത്‌സാഹനവും നൽകും.  പരമ്പരാഗത വ്യവസായ മേഖലയിൽ യന്ത്രവൽക്കരണവും നവീകരണവും വരണമെന്നത് തന്നെയാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഇല്ലെങ്കിൽ വ്യവസായം തന്നെ ഇല്ലാതാകും. എന്നാൽ തൊഴിൽ സംരക്ഷിച്ചു കൊണ്ടുള്ള നവീകരണമാണ് സർക്കാരിന്റെ ലക്ഷ്യം. നവീകരണമില്ലാത്തതു കൊണ്ടാണ് കയർ മേഖലക്ക് തിരിച്ചടി നേരിട്ടത്. നഷ്ടപ്പെട്ട വ്യവസായ സാധ്യതകൾ തിരിച്ചു പിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 
വ്യവസായം, ഐ.ടി, ടൂറിസം, പൊതുഗതാഗത സംവിധാനം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളുടെ വികസനം സംബന്ധിച്ച് സി.ഐ.ഐ ഒട്ടേറെ നിർദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. അവയെല്ലാം സർക്കാർ ഗൗരവത്തോടെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

 

Latest News