കോട്ടയം- പ്രവാസിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ. കൊലപാതകം ബലാത്സംഗ ശ്രമത്തിനിടെയെന്ന് സംശയം.ഏറ്റുമാനൂരിലാണ് പ്രവാസി മലയാളിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ മധ്യവയസ്‌കയെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. കട്ടച്ചിറ കടവിൽ രാജന്റെ ഭാര്യ ഉഷാകുമാരി (50) ആണ് ഏറ്റുമാനൂർ പാനൂർ ടോമി ജോസഫിന്റെ വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്. ഉഷാകുമാരിയെ വധിച്ച ശേഷം നാടുവിട്ട പ്രതി വീട്ടുടമയുടെ ബന്ധുവിനെ കൊലപാതക വിവരം ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. ടോമിയുടെയും ബന്ധുക്കളുടെയും വീടുകളിൽ പതിറ്റാണ്ടുകളായി വിശ്വസ്തനായി ജോലി ചെയ്തു വന്നിരുന്ന മറ്റക്കര സ്വദേശി പ്രഭാകരൻ (70) ആണ് താൻ കൊല ചെയ്ത വിവരം വീട്ടുടമയുടെ സഹോദരി വത്സമ്മയെ വിളിച്ചറിയിച്ചത്. പ്രഭാകരൻ ഉഷാകുമാരിയുടെ ഭർത്താവ് രാജനോടൊന്നിച്ച് കൂലിപ്പണിക്ക് പോകുന്നയാളാണ്
സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിനടുത്ത് നിന്ന് തോർത്ത് കണ്ടെടുത്തു. കഴുത്തിൽ തോർത്തിട്ട് വരിഞ്ഞ് മുറുക്കിയാകണം വധിച്ചതെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയോട് ചേർന്ന് കിടന്ന മൃതദേഹം മുൻ ഭാഗത്തെ കിടപ്പുമുറിയിൽ നിന്നും വലിച്ച് കൊണ്ടുപോയതിന്റെ അടയാളങ്ങളും കണ്ടെത്തി.
സൗത്ത് ആഫ്രിക്കയിലുള്ള വീട്ടുടമ ടോമി ജോസഫ് രണ്ട് വർഷം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്. വീടിന്റെ താക്കോൽ സഹോദരി വത്സമ്മയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മാസത്തിൽ രണ്ടും മൂന്നും തവണ വീട് വൃത്തിയാക്കാൻ ഉഷാകുമാരി എത്താറുണ്ട്. തിങ്കളാഴ്ച രാവിലെ പതിവുപോലെ പണിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഉഷാകുമാരി വീട്ടിൽ നിന്നിറങ്ങിയത്.