റിയാദ് - സ്വകാര്യ മേഖലയിൽ അഞ്ചര ലക്ഷത്തിലേറെ തൊഴിലുകൾ സൗദിവൽക്കരിക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ധാരണയിലെത്തിയതായി വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി വെളിപ്പെടുത്തി. ഡിജിറ്റൽ പരിവർത്തനം ശക്തമാക്കുന്നതിനും തൊഴിലുടമകളും ഉദ്യോഗാർഥികളും അടക്കമുള്ള ഉപയോക്താക്കൾക്ക് സേവനങ്ങൾ എളുപ്പമാക്കുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പോർട്ടൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ, ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്, ഗതാഗത മന്ത്രി എൻജിനീയർ നബീൽ അൽആമൂദി, സിവിൽ സർവീസ് മന്ത്രി സുലൈമാൻ അൽഹംദാൻ എന്നിവരുടെയും ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമാരുടെയും വ്യവസായികളുടെയും സാന്നിധ്യത്തിലാണ് 'ഖുവ പ്ലാറ്റ്‌ഫോം' എന്ന് പേരിട്ട പോർട്ടൽ ഉദ്ഘാടനം ചെയ്തത്.
2023 ഓടെ സ്വകാര്യ മേഖലയിൽ 5,61,000 തൊഴിലുകൾ സ്വദേശിവൽക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി പറഞ്ഞു. ഈ വർഷം ആദ്യ പാദത്തിൽ 45,000 ലേറെ സൗദികൾ തൊഴിൽ വിപണിയിൽ പ്രവേശിച്ചിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ 1,33,000 സ്ഥാപനങ്ങൾ പുതുതായി പ്രവർത്തനം തുടങ്ങി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 48,000 സഥാപനങ്ങൾ മാത്രമാണ് പുതുതായി ആരംഭിച്ചത്.
വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് സാധിക്കുന്നതിന് സ്വകാര്യ മേഖലക്ക് പിന്തുണയും പ്രോത്സാഹനങ്ങളും നൽകുന്ന നയമാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഖുവ പ്ലാറ്റ്‌ഫോമിൽ നിലവിൽ 22 സേവനങ്ങളാണുള്ളത്. ഈ വർഷാവസാനത്തോടെ സേവനങ്ങളുടെ എണ്ണം ഇരട്ടിയായി ഉയർത്തും. സ്വകാര്യ മേഖലക്കും ഉദ്യോഗാർഥികൾക്കും പ്രോത്സാഹനങ്ങൾ നൽകുന്ന നിരവധി പദ്ധതികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. സൗദിവൽക്കരണം ഉയർത്തുന്നതിനും തൊഴിൽ പരിശീലനങ്ങളിലൂടെ സ്വദേശികളെ പ്രാപ്തരാക്കി മാറ്റുന്നതിനും സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും സൗദികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ഉപയോക്താക്കൾക്കുള്ള സേവന നിലവാരം ഉയർത്തുന്നതിനും വികസനത്തിലെ തന്ത്രപ്രധാന പങ്കാളിയായി മാറുന്നതിന് സ്വകാര്യ മേഖലക്ക് പിന്തുണ നൽകുന്നതിനുമാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.ദേശീയ സമ്പദ്‌വ്യവസ്ഥയിൽ സ്വകാര്യ മേഖലയുടെ സംഭാവന ഉയർത്തുന്നതിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി പ്രകാരം നടപ്പാക്കുന്ന വൻകിട പദ്ധതികളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് നിരീക്ഷിച്ച് ഉറപ്പു വരുത്തുന്നുണ്ട്. ജോലിയിൽ നിയമിച്ച് സൗദികൾക്ക് തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിനും തൊഴിലവസരം ഉറപ്പു നൽകുന്ന പരിശീലന പദ്ധതികൾ നടപ്പാക്കുന്നതിനും മാനവ ശേഷി വികസന നിധിയുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ടെന്നും എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.