Sorry, you need to enable JavaScript to visit this website.

ഭീകരാക്രമണത്തിൽ പരിക്കേറ്റ ഭടന്മാരെ സൗദി ആഭ്യന്തര മന്ത്രി സന്ദർശിച്ചു

റിയാദ് - സുൽഫിയിൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സുരക്ഷാ ഭടന്മാരെ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ സന്ദർശിച്ചു. മേജർ മുഹമ്മദ് അലി മുഹമ്മദ് അൽശഹ്‌രി, ഇൻസ്‌പെക്ടർ അബ്ദുൽആലി റജാ അബ്ദുൽആലി അൽമുതൈരി, കോർപൊറൽ ദആർ സംറാൻ ബിൻ ദഖീൽ അൽഔഫി എന്നിവരാണ് പരിക്കേറ്റ് റിയാദ് സെക്യൂരിറ്റി ഫോഴ്‌സസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സുരക്ഷാ ഭടന്മാരുടെ ആരോഗ്യ വിവരങ്ങളും ഇവർക്ക് ലഭിക്കുന്ന ആരോഗ്യ പരിചരണങ്ങളും ചികിത്സകളും മന്ത്രി അന്വേഷിച്ചറിഞ്ഞു. 


സുരക്ഷാ ഭടന്മാരുടെ ത്യാഗങ്ങളിലും വീരകൃത്യങ്ങളിലും ഭരണാധികാരികൾ എന്നും അഭിമാനിക്കുന്നതായി ആഭ്യന്തര മന്ത്രി പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് സുൽഫി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കേന്ദ്രത്തിനു നേരെ നാലംഗ ഭീകര സംഘം ആക്രമണത്തിന് ശ്രമിച്ചത്. ഭീകരരെ സുരക്ഷാ ഭടന്മാർ ചെറുത്തു തോൽപിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ നാലു ഭീകരരും കൊല്ലപ്പെടുകയും മൂന്നു സുരക്ഷാ ഭടന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 


റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരനും സുരക്ഷാ ഭടന്മാരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. രാജ്യത്തിനും സമൂഹത്തിനും സേവനം നൽകുന്ന കാര്യത്തിലുള്ള കർത്തവ്യം നിർവഹിക്കുന്നതിൽ സുരക്ഷാ ഭടന്മാർ നടത്തുന്ന ത്യാഗങ്ങളെ ഡെപ്യൂട്ടി ഗവർണർ പ്രശംസിച്ചു. സമൂഹം ഒറ്റക്കെട്ടായി സുരക്ഷാ ഭടന്മാർക്ക് പിന്നിൽ നിലയുറപ്പിക്കുന്നു. ഭീകരരെ ചെറുക്കുന്നതിലും രാജ്യത്ത് സുരക്ഷാ ഭദ്രതയും സമാധാനന്തരീക്ഷവും കാത്തുസൂക്ഷിക്കുന്നതിലും സുരക്ഷാ സൈനികർ കാണിക്കുന്ന ധീരതയിലും ശൗര്യത്തിലും രാജ്യം വിശ്വാസമർപ്പിക്കുന്നതായും മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ പറഞ്ഞു.

Latest News