Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഭീകരന്‍ ആക്രമണത്തിനു പോയത് കടങ്ങളുടെ കണക്ക് എഴുതിവെച്ച ശേഷം

സുൽഫിയിൽ ഭീകരാക്രമണ ശ്രമത്തിനിടെ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ അബ്ദുല്ല ബിൻ ഹമൂദ് ബിൻ മുഹമ്മദ് അൽഹമൂദിന്റെ ഒസ്യത്ത്

റിയാദ് - സുൽഫിയിൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കേന്ദ്രത്തിനു നേരെ ഭീകരാക്രമണം നടത്തുന്നതിന് ശ്രമിക്കവേ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ അബ്ദുല്ല ബിൻ ഹമൂദ് ബിൻ മുഹമ്മദ് അൽഹമൂദിന്റെ ഒസ്യത്ത് പുറത്ത്. തന്റെ കടങ്ങളുടെ പട്ടികയാണ് ഒസ്യത്തിലുള്ളത്. ഈ കടങ്ങൾ മുഴുവൻ വീട്ടണമെന്ന് ഒസ്യത്ത് ആവശ്യപ്പെടുന്നു. കടങ്ങൾ വീട്ടിയ ശേഷം അനന്തര സ്വത്തിൽ അവശേഷിക്കുന്ന തുക പിതൃസഹോദര പുത്രൻ അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം അൽമൻസൂറിന് കൈമാറണമെന്നും അബ്ദുല്ല ബിൻ ഹമൂദ് ബിൻ മുഹമ്മദിന്റെ കൈയൊപ്പും വിരലടയാളവും പതിച്ച ഒസ്യത്ത് ആവശ്യപ്പെടുന്നു. ആകെ 29,420 റിയാലിന്റെ കടങ്ങളാണ് ഒസ്യത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണത്തിന് തയാറെടുപ്പുകൾ നടത്തുന്നതിന് വാടകക്കെടുത്ത ഇസ്തിറാഹയുടെ വാടക ഇനത്തിൽ ഉടമ അബ്ദുല്ല ബിൻ മുഹമ്മദ് അൽഗുനൈമാന് 8000 റിയാൽ നൽകാനുണ്ടെന്ന് ഒസ്യത്ത് വ്യക്തമാക്കുന്നു. 


ഇസ്തിറാഹ ഉടമയുടെ ഫോൺ നമ്പറും ഒസ്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സഹോദരൻ മാജിദിന് 4900 റിയാലും മറ്റൊരു സഹോദരനായ ഫഹദിന് 3000 റിയാലും സഹോദരി അമലിന് 520 റിയാലും നൽകാനുണ്ട്. കാർ വാങ്ങിയ വകയിൽ അബൂസുഹൈൽ ഖാലിദ് ബന്ദറിന് 5500 റിയാൽ കൂടി നൽകാനുണ്ട്. അഹ്മദ് അബ്ദുല്ലത്തീഫ് സുലൈമാൻ അൽദാവൂദിന്റെ പക്കൽ നിന്ന് നേരത്തെ വാങ്ങിയ കടത്തിൽ 2500 റിയാലും രണ്ടാമത് വാങ്ങിയ കടത്തിൽ 5000 റിയാലും ബാക്കിയുണ്ടെന്നും ഒസ്യത്ത് പറയുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നമ്പറും ഒസ്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 
കടങ്ങൾ വീട്ടിക്കഴിഞ്ഞ ശേഷം അനന്തര സ്വത്തിൽ ബാക്കിയുള്ള തുക കൈമാറുന്നതിന് ആവശ്യപ്പെട്ടിരിക്കുന്ന പിതൃസഹോദര പുത്രൻ അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം അൽമൻസൂർ ദേശീയ സുരക്ഷാ ഏജൻസി തിങ്കളാഴ്ച അറസ്റ്റ് ചെയ്ത പതിമൂന്നംഗ ഭീകര സംഘത്തിൽ ഒരാളാണ്. ഈ യുവാവ് ഞായറാഴ്ച സുൽഫിയിലുണ്ടായ ഭീകരാക്രമണ ശ്രമത്തിൽ കൊല്ലപ്പെട്ട ഭീകരന്റെ സഹോദരനുമാണ്. 
 

Latest News