റിയാദ് - ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള 37 പേര്‍ക്ക് സൗദിയില്‍ വധശിക്ഷ നടപ്പാക്കി. റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, അസീര്‍ എന്നീ ആറു പ്രവിശ്യകളിലാണ് ഭീകരര്‍ക്ക് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 37 പേരും സൗദി പൗരന്മാരാണ്.
സുരക്ഷാ ആസ്ഥാനങ്ങള്‍ക്കു നേരെ ബോംബാക്രമണങ്ങള്‍ നടത്തുകയും സൈനികരെ വധിക്കുകയും ശത്രു രാജ്യങ്ങളുമായും ഗ്രൂപ്പുകളുമായും സഹകരിച്ച് വിശ്വാസ വഞ്ചന കാണിക്കുകയും ചെയ്തതിനാണ് ഇവരെ വധശിക്ഷക്ക് വിധിച്ചിരുന്നത്.
ഭീകരവാദം പിന്തുടരുകയും രാജ്യത്ത് സുരക്ഷാ ഭദ്രതയും സമാധാനന്തരീക്ഷവും തകര്‍ക്കുന്നതിനും സമൂഹത്തിലെ ഐക്യം ഇല്ലാതാക്കുന്നതിനും പ്രതികള്‍ ശ്രമിച്ചു.
വിചാരണ കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് വധശിക്ഷ നടപ്പാക്കിയത്. രാജ്യസുരക്ഷയും രാജ്യത്ത് കഴിയുന്ന സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയും അപകടത്തിലാക്കുന്നവര്‍ക്ക് ശരീഅത്ത് അനുസരിച്ച ശിക്ഷ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭീകരാക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച ശിക്ഷകള്‍ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.