തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ആദ്യ അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 34 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും നല്ല പോളിങാണ്. ബുത്തുകളിലൂടനീളം നീണ്ട വരിയാണ്. അതേസമയം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലാകുന്നത് തടസ്സം സൃഷ്ടിക്കുന്നു. ക്രമസമാധാന പ്രശ്‌നങ്ങളും ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വാശിയേറിയ പോരാട്ടം നടക്കുന്ന ഇത്തവണ റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍.
അതിനിടെ കൊല്ലത്തും മലപ്പുറത്തും കള്ള വോട്ടു ചെയ്‌തെന്ന പരാതി ഉയര്‍ന്നു. കൊല്ലം പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളിലെ 50-ാം നമ്പര്‍ ബൂത്തില്‍ മഞ്ജു എന്ന യുവതിയുടെ പേരില്‍ മറ്റാരോ വോട്ടു ചെയ്തതായി കണ്ടെത്തി. 7.45-നു തന്നെ ഇവര്‍ വോട്ടു ചെയ്യാനെത്തിയിരുന്നു. വോട്ടു ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ ബാലറ്റ് പേപ്പറില്‍ വോട്ടു ചെയ്യാന്‍ അധികൃതര്‍ സൗകര്യമൊരുക്കി.
മലപ്പുറത്ത് പാതാക്കര 60-ാം ബൂത്തില്‍ 587-ാം നമ്പര്‍ വോട്ടറായ രാജന്‍ എന്നയാളുടെ വോട്ടാണ് മറ്റാരോ ചെയ്തത്. രാജന്‍ എത്തിയപ്പോഴേക്കും മറ്റാരോ ഈ പേരില്‍ വോട്ടു ചെയ്ത് സ്ഥലം വിട്ടിരുന്നു.