ദുബായ്- സോഷ്യല്‍ മീഡിയാ ആപ്പായ സ്‌നാപ്ചാറ്റില്‍ അഞ്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കി അറബ് സുന്ദരികളുടെ ഫോട്ടോ കാണിച്ച് യുവാക്കളെ വലയിലാക്കുകയും ഇവരില്‍ നിന്ന് പണവും സമ്മാനങ്ങളും കൈക്കലാക്കുകയും പതിവാക്കിയ വിദേശ അറബ് യുവാവിനെ ദുബായ് പോലീസ് പിടികൂടി. രണ്ടു വര്‍ഷത്തനിടെ 50ഓളം യുവാക്കളെ ഇയാള്‍ ത്ട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും കണ്ടെത്തി. ഒരു കമ്പനിയില്‍ ഉന്നത പദവി വഹിക്കുകയും വലിയ ശമ്പളം വാങ്ങുകയും ചെയ്യുന്ന പ്രതി ജിസിസി പൗരനും സമൂഹത്തില്‍ സല്‍പ്പേരുള്ളയാളാണെന്നും പോലീസ് പറഞ്ഞു. ഉടനടി പണം വാരിക്കൂട്ടാനുള്ള ദുരാഗ്രഹമാണ് പ്രതിയെ സ്‌നാപ്ചാറ്റിലൂടെ തട്ടിപ്പു നടത്താന്‍ പ്രേരിപ്പിച്ചത്.
സുന്ദരികളായ അറബ് യുവതികളുടെ ഫോട്ടോകള്‍ ഉപയോഗിച്ച് യുവാക്കളെ വശീകരിക്കുകയായിരുന്നു രീതി. ഇങ്ങനെ തന്ത്രപൂര്‍വ്വം സൗഹൃദം നടിക്കുകയും പണവും സമ്മാനങ്ങളും ആവശ്യപ്പെടുകയുമാണ് ചെയ്തിരുന്നതെന്ന് ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു.
ഒരു അറബ് യുവതി തന്റെ ചിത്രം യാദൃശ്ചികമായി ഒരു സ്്‌നാപ്ചാറ്റ് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രമായി കണ്ടതോടെയാണ് പ്രതി കുരുക്കിലായത്. ഇക്കാര്യം അറബ് യുവതി പോലീസിന്റെ ഇ-ക്രൈം സംവിധാനം വഴി റിപോര്‍ട്ട് ചെയ്തു. വിവരം ലഭിച്ച പോലീസ് ഈ അക്കൗണ്ട് ഒരാഴ്ചയോളം നിരീക്ഷിച്ച ശേഷമാണ് പ്രതിയായ അറബ് യുവാവിനെ വലയിലാക്കിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയായിരുന്നു ഈ തട്ടിപ്പ്. വിലയേറിയ സമ്മാനങ്ങളാണ് പ്രതി ഇരകളില്‍ നിന്നും ചോദിച്ചു വാങ്ങിയിരുന്നത്. വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപോര്‍ട്ട് ചെയ്യണമെന്നും പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.