Sorry, you need to enable JavaScript to visit this website.

സന്ദർശകരെ ആകർഷിച്ച്  കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രം

കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തിലെ ടൂറിസ്റ്റ് അറൈവൽ കം ഫസിലിറ്റേഷൻ സെന്റർ.

കൽപറ്റ-വയനാട്ടിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി കാരാപ്പുഴ വികസിക്കുന്നു. മെയ് 21ന് ആദ്യഘട്ടം ഉദ്ഘാടനം നടന്ന കാരാപ്പഴ വിനോദസഞ്ചാര കേന്ദ്രത്തിൽ നിരവധി സന്ദർശകരാണ് എത്തുന്നത്. കഴിഞ്ഞ 11 മുതൽ ടിക്കറ്റ് വച്ചാണ് കേന്ദ്രത്തിൽ സഞ്ചാരികൾക്ക് പ്രവേശനം. ആദ്യദിനം 23,500 രൂപയാണ് ടിക്കറ്റ് വിറ്റുവരവ് ഉൾപ്പടെ കലക്ഷൻ. 734 ഫുൾ ടിക്കറ്റാണ് പ്രഥമദിനത്തിൽ വിറ്റതെന്ന് ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ വി. സന്ദീപ് പറഞ്ഞു. ജലവിഭവ വകുപ്പിനു കീഴിലാണ് കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രം. പ്രകൃതിദൃശ്യങ്ങളും റോസ് ഉദ്യാനവും ജലസേചന പദ്ധതിയുടെ ഭാഗമായ അണക്കെട്ടുമാണ് കാരാപ്പുഴയിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. അണക്കെട്ടിനടുത്ത് ഫിഷറീസ് വകുപ്പ് സ്ഥാപിച്ച പബ്ലിക് അക്വേറിയമാണ് മറ്റൊരു ആകർഷണം. 12.5 ഏക്കറിലാണ് പനിനീർപ്പൂക്കളുടെ ഉദ്യാനം. 400ൽ പരം ഇനങ്ങളിലായി 5000 ഓളം റോസ് ചെടികളാണ് ഉദ്യാനത്തിലുള്ളത്.  കാരാപ്പുഴയിൽ  വിനോദസഞ്ചാരത്തിനു യോജിച്ച 100 ഏക്കർ സ്ഥലമാണ് ഉള്ളത്. ഇതിൽ ഏകദേശം 20 ഏക്കർ ഉപയോഗപ്പെടുത്തി  7.21 കോടി രൂപ ചെലവിലാണ്  ആദ്യഘട്ടം പ്രവൃത്തികൾ പൂർത്തിയാക്കിയത്. റോസ് ഗാർഡനു പുറമേ ആംഫി തിയറ്റർ, ടൂറിസ്റ്റ് അറൈവൽ കം ഫസിലിറ്റേഷൻ സെന്റർ ,പാത്ത് വേ, കുട്ടികളുടെ പാർക്ക്, റെസിബോ, സുവനീർ ആൻഡ്  സ്‌പൈസ് സ്റ്റാൾ, വാട്ടർ ഫൗണ്ടൻ, ബയോഗ്യാസ് പ്ലാന്റ്, പാർക്കിംഗ് ഏരിയ,  ബാംബു ഗാർഡൻ, ലൈറ്റിംഗ്, ലാൻഡ്  സ്‌കേപ്പിംഗ്,ടോയ്‌ലറ്റ് തുടങ്ങിയവയാണ് പ്രഥമഘട്ടത്തിൽ യാഥാർഥ്യമാക്കിയത്. രണ്ടാംഘട്ടം പ്രവൃത്തികൾക്കായി നാല് കോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ട്. സോളാർ ബോട്ടിംഗ്, വാച്ച് ടവർ, ശലഭോദ്യാനം, കുട്ടികളുടെ സ്വിമ്മിംഗ് പൂൾ എന്നിവയാണ് രണ്ടാംഘട്ടത്തിൽ  ആസൂത്രണം ചെയ്തിരിക്കുന്നത്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് രണ്ടാംഘട്ട പ്രവൃത്തികളും പ്രാവർത്തികമാക്കുന്നതോടെ കാരാപ്പുഴയിലേക്ക് സഞ്ചാരികളുടെ പ്രവാഹംതന്നെ ഉണ്ടാകുമെന്നാണ് ജലവിഭവ വകുപ്പ് അധികതൃതരുടെ അനുമാനം. 
വയനാടിന്റെ ടൂറിസം ഹബ്ബായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കാരാപ്പുഴയിലെ  വിനോദസഞ്ചാര വികസനം മൂൻനിർത്തി കാക്കവയൽ-വാഴവറ്റ-അമ്പലവയൽ-എടക്കൽ റോഡ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കൽപ്പറ്റ എം.എൽ.എ സി.കെ. ശശീന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

Latest News