ആലപ്പുഴ- തിരുവനന്തപുരത്തു നിന്നും ശനിയാഴ്ച രാത്രി ബാംഗ്ലൂരിലേക്കു പുറപ്പെട്ട സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ കല്ലട ട്രാവല്‍സിന്റെ ബസിലെ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ മാനേജര്‍ ഉള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാടു വച്ച് ബസ് കേടായി യാത്രക്കാരെ പെരുവഴിയിലിട്ടത് ചോദ്യം ചെയ്തതിനാണ് യാത്രക്കാര്‍ ജീവനക്കാരുടെ ക്രൂര മര്‍ദനത്തിനിരയായത്. കേടായെങ്കിലും വേറെ ബസ് ശരിയാക്കിത്തരണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് തര്‍ക്കത്തിനിടയാക്കിയത്. ബഹളമായതൊടെ യാത്രക്കാരില്‍ ഒരാള്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി കര്‍ശന നിലപാടെടുക്കുകയും മറ്റൊരും ബസ് ഏര്‍പ്പെടുത്തുകയുംചെയ്തു. ഈ ബസില്‍ യാത്ര തുടരവെ കൊച്ചിയിലെത്തിയപ്പോഴാണ് 15ഓളം കല്ലട ജീവനക്കാരെത്തി യാത്രക്കാരെ മര്‍ദിച്ചത്. ബസ് മുടങ്ങിയത് ചോദ്യം ചെയ്തവരാണ് ആക്രമണത്തിനിരയായത്.
ഈ സംഭവത്തിന്റെ വിഡിയോ യാത്രക്കാരില്‍ ഒരാളായ ജേക്കബ് ഫിലിപ്പ് പകര്‍ത്തുകയും ഫേസ്ബുക്കിലൂടെ പുറത്തു വിടുകയും ചെയ്തതോടെ വലിയ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. മരട് പോലീസാണ് കേസെടുത്തത്. ബസും പിടിച്ചെടുത്തു. സംഭവത്തെ കുറിച്ച് ഡിജിപിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ചര്‍ച്ച നടത്തി. ബസിന്റെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ബസ് കമ്പനി ഉടമയെ നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ എഡിജിപി മനോജ് എബ്രഹാമിന് നിര്‍ദേശം നല്‍കി. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ശന നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്.
കല്ലട ബസ് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ ബസ് ടിക്കറ്റ് ബുക്കിങ് ആപ്പുകളില്‍ കല്ലടയുടെ റേറ്റിങ് കുറക്കാനും പ്രചാരണം നടക്കുന്നുണ്ട്.
ബസ് യാത്രക്കാരെ കല്ലട ജീവക്കാര്‍ ആക്രമിക്കുന്ന ദൃശ്യം