ജിദ്ദ - മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഹറമൈൻ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി. മക്ക, മദീന, ജിദ്ദ, റാബിഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഹറമൈൻ ട്രെയിൻ പദ്ധതി. പരീക്ഷണ ഓട്ടം വിജയമായെന്ന് പൊതുഗതാഗത അതോറിറ്റി പ്രസിഡന്റും സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷൻ പ്രസിഡന്റുമായ ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽറുമൈഹ് അറിയിച്ചു.
റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിക്കും മദീനക്കും ഇടയിലാണ് ട്രെയിൻ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ പരീക്ഷണ സർവീസ് നടത്തിയത്. പടിപടിയായി നടത്തിയ പരീക്ഷണ സർവീസുകളിലൂടെയാണ് ട്രെയിൻ ഈ വേഗം കൈവരിച്ചത്. ഹറമൈൻ ട്രെയിൻ പദ്ധതി ഈ വർഷാവസാനം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങൾക്കിടയിലെ യാത്രാ സമയം കുറക്കുന്നതിന് സഹായിക്കുന്ന ഹറമൈൻ ട്രെയിൻ പദ്ധതി ദശലക്ഷക്കണക്കിന് തീർഥാടകർ അടക്കമുള്ളവക്ക് സുഖകരവും സുരക്ഷിതവുമായ യാത്രാ സൗകര്യം ഒരുക്കും. 450 കിലോമീറ്റർ നീളത്തിലാണ് റെയിൽപാത നിർമിക്കുന്നത്.
35 ട്രെയിനുകൾ നിർമിക്കാൻ സ്പാനിഷ് കമ്പനിക്ക് കരാർ നൽകിയിട്ടുണ്ട്. ഇതിനകം ഏതാനും ട്രെയിനുകൾ ജിദ്ദ തുറമുഖം വഴി സ്പാനിഷ് കമ്പനി മദീനയിൽ എത്തിച്ചിട്ടുണ്ട്. ഹറമൈൻ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ മക്ക, മദീന യാത്രാ സമയം രണ്ടു മണിക്കൂറായി ചുരുങ്ങും. നിലവിൽ ബസ് മാർഗമുള്ള മക്ക, മദീന യാത്രക്ക് എട്ടു മണിക്കൂറും അതിൽ കൂടുതലും വേണ്ടിവരുന്നുണ്ട്. പ്രതിവർഷം ആറു കോടി പേർക്ക് യാത്രാ സൗകര്യം നൽകുന്നതിനുള്ള ശേഷിയിലാണ് ഹറമൈൻ ട്രെയിൻ പദ്ധതി പൂർത്തിയാക്കുന്നത്.