ജിദ്ദ- പാർട്ടിയുടെ എത്ര ഉന്നത നേതാവായിരുന്നാലും എത്രയൊക്കെ സുരക്ഷാ കടമ്പകളുണ്ടായിരുന്നാലും അവയൊക്കെ മറികടന്ന് ഒ.ഐ.സിസി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അവിടെ എത്തിയിരിക്കും.
ഗൾഫ് നാടുകളിലെത്തുന്ന എല്ലാ നേതാക്കളും മുനീറുമായി അടുപ്പവും സൗഹൃദവും പ്രകടിപ്പിക്കാറുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദുബായിലെത്തിയപ്പോഴും അതുണ്ടായി. പ്രിയങ്ക ഗാന്ധി നിലമ്പൂരിലെത്തിയപ്പോഴും ഒ.ഐ.സി.സിയെ പരിചയപ്പെടുത്തുന്നതിലും ഉപഹാരം നൽകുന്നതിലും മുനീർ വിജയിച്ചു.
നിലമ്പൂരിൽ നാട്ടുകാർക്കു മുന്നിൽ വെച്ച് പ്രിയങ്ക ഗാന്ധിക്ക് ഉപഹാരം നൽകാൻ കഴിഞ്ഞത് മുനീറിന് ഇരട്ടി മധുരമായി. പ്രിയങ്കാ ഗാന്ധിക്ക് റോസാ പൂവും ഷാളും നൽകിയാണ് മുനീർ സ്‌നേഹം പ്രകടിപ്പിച്ചത്. കൂട്ടത്തിൽ ജിദ്ദ ഒ.ഐ.സി.സിയെ പരിചയപ്പെത്തുകയും ചെയ്തു. സെൽഫിയെടുക്കാനും മറന്നില്ല.
പ്രവാസ ലോകത്താണെങ്കിലും നാട്ടിലാണെങ്കിലും എവിടെയും ഓടിപ്പാഞ്ഞെത്താനുള്ള മുനീറിന്റെ കഴിവിനെ സഹപ്രവർത്തകർ അംഗീകരിക്കുന്നു. സന്തോഷമായാലും ദുഃഖമായാലും ഒപ്പം കൂടാൻ മുനീറുണ്ട്, അതാണ് ജിദ്ദ ഒ.ഐ.സി.സിക്കാരുടെ പ്രിയപ്പെട്ട നേതാവാക്കി മുനീറിനെ മാറ്റുന്നത്.
പഞ്ചായത്തായാലും പാർലമെന്റായാലും തെരഞ്ഞെടുപ്പാണെങ്കിൽ അവിടെ മുനീർ ഉണ്ടാകും. നാട്ടിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും സാന്നിധ്യമറിയിക്കാൻ ഓടിയെത്തുന്ന പ്രവാസി നേതാവാണ് മുനീർ. വാശിയേറിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു സാക്ഷിയാകാനും യു.ഡി.എഫിന്റെ പ്രചാരണത്തിൽ പങ്കെടുക്കാനും ഇത്തവണയും മുനീർ നാട്ടിലേക്ക് പോയി.
ഹാർഡ് വർക്കാണ് മുനീറിന്റെ പ്രത്യേകത- ഒരു സഹപ്രവർത്തകൻ പറഞ്ഞു. എവിടെയും എത്തിപ്പെടാൻ മുനീറിന് പ്രത്യേക കഴിവുണ്ട്, അതിനാൽ അദ്ദേഹത്തിന് പാർട്ടിയിൽ പാരകളുമുണ്ട്- രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്ന മുനീറിന്റെ സുഹൃത്ത് പറഞ്ഞു.