കോട്ടയം- കൊട്ടിക്കലാശത്തിനിടെ ആന ഇടഞ്ഞു. പാലായില്‍ ഇടതു മുന്നണിയുടെ പരസ്യ പ്രചാരണം അവസാനിക്കാറായപ്പോഴാണ് ആന ഇടഞ്ഞത്. ഇതോടെ പരിപാടിക്ക് എത്തിയവര്‍ പരിഭ്രാന്തരായി. വൈകാതെ ആനയെ തളച്ചു. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാലായില്‍ ആര്‍ഭാടപൂര്‍വമുളള ചടങ്ങുകള്‍ ഒഴിവാക്കിയതിനാല്‍ നഗരത്തിലെ കൊട്ടിക്കലാശത്തിന് യു.ഡി.എഫ് ഇല്ലായിരുന്നു. പി.സി തോമസ് വിഭാഗവും പാലായിലെ പരിപാടി ഇന്നലെ ഉപേക്ഷിച്ചു. യു.ഡി.എഫ് കെ.എം മാണിയുടെ പ്രാര്‍ഥനാ ദിനമായി ആചരിച്ചു. കുരിശു പള്ളിക്കവലയിലായിരുന്നു പ്രാര്‍ഥനാ സംഗമം.
പരസ്യ പ്രചാരണത്തിന്റെ അവസാന ഭാഗം ആവേശം വിതറിയ കൊട്ടിക്കലാശമാക്കി മുന്നണികള്‍ മാറ്റി. മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ കോട്ടയം, പാലാ, ഏറ്റുമാനൂര്‍, വൈക്കം, നഗരഭാഗങ്ങളില്‍ അണിനിരന്നു. പത്തനംതിട്ട, കോട്ടയം ലോക്‌സഭാ മണ്ഡലങ്ങളുള്‍പ്പെടുന്ന മീനച്ചില്‍ താലൂക്കില്‍ പാലായിലും ഈരാറ്റുപേട്ടയിലുമായിരുന്നു കൊട്ടിക്കലാശം.
ഈരാറ്റുപേട്ടയില്‍ ഇടതു മുന്നണിയുടെയും യു.ഡി.എഫിന്റെയും കൊട്ടിക്കലാശമാണ് നടന്നത്. ഉച്ചയോടെ തന്നെ പ്രവര്‍ത്തകര്‍ നഗരത്തിലേക്കെത്തി തുടങ്ങിയിരുന്നു. നഗരത്തെ പ്രകമ്പനം കൊള്ളിച്ചാണ് ഇരു മുന്നണികളുടെയും പ്രചാരണ സമാപനം കടന്നുപോയത്. ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷയിലും ലോറിയിലുമടക്കമാണ് പ്രവര്‍ത്തകര്‍ നഗരത്തിലേക്കെത്തിയത്. മൂന്ന് മണിയായതോടെ നഗരം ഇരുമുന്നണികളുടെയും പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. നിര്‍ദേശിക്കപ്പെട്ടിരുന്ന സ്ഥലങ്ങള്‍ മറികടന്ന പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ വന്‍ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.