Sorry, you need to enable JavaScript to visit this website.

'കള്ളം പറയാന്‍ ഞാന്‍ മോഡിയല്ല'; ശബരിമല നടപടിക്ക് കേന്ദ്രം നിര്‍ദേശിച്ചതിന്റെ തെളിവുമായി പിണറായി

തിരുവനന്തപുരം- ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ ശബരിമലയില്‍ 144 പ്രഖ്യാപിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതിന് തെളിവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല നടപടിയിലെ കേന്ദ്ര ഇടപെടലിനെ ചൊല്ലി സിപിഎമ്മും ബിജെപിയും തര്‍ക്കം മുറുകുന്നതിനിടെയാണ് തെളിവുമായി പിണറായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെയാണ് പിണറായി തെളിവു പുറത്തു വിട്ടത്. 

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു ബിജെപി സംഘപരിവാര്‍ പ്രചാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഞാന്‍ നരേന്ദ്ര മോഡിയല്ലെന്നും കളവ് പറയാറില്ലെന്നും പറഞ്ഞാണ് പിണറായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖ പുറത്തു വിട്ടത്. 'ഞാന്‍ നരേന്ദ്ര മോഡിയാണെന്ന്് കരുതിയാണ് ഈ ചോദ്യം ചോദിക്കുന്നത്. ഞാന്‍ കളവ് പറയാറില്ല. നിങ്ങള്‍ ഇത് ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നത്- പിണറായി പറഞ്ഞു. 11034/01/2018 എന്ന നമ്പരിലുള്ള ആഭ്യന്തര മന്ത്രാലയത്തിലെ ആഭ്യന്തര സുരക്ഷാ വിഭാഗം നല്‍കിയ നിര്‍ദേശമാണ് തെളിവായി മുഖ്യമന്ത്രി പുറത്തു വിട്ടത്. ക്രമസമാധാന പാലനത്തിന് കൃത്യമായ നടപടി എടുക്കണമെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും പറയുന്ന ഈ രേഖയിലെ വാചകവും മുഖ്യമന്ത്രി വായിച്ചു കേള്‍പിച്ചു.

Latest News