തൃശൂർ-ഗർഭിണിയായ യുവതിയെ വയറിൽ കൈവച്ച് അനുഗ്രഹിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപിയുടെ കുടുംബം. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും കുടുംബവും തൃശൂർ സ്വദേശിനിയായ ശ്രീലക്ഷ്മിയുടെ അന്തിക്കാടുള്ള വീട്ടിലെത്തി അവരെ സന്ദർശിച്ചു. സുരേഷ് ഗോപിക്ക് കുട്ടികളോടുള്ള സ്‌നേഹം തിരിച്ചറിയാൻ കഴിയാത്തവരാണ് വിമർശിക്കുന്നതെന്ന് രാധിക പറഞ്ഞു. എനിക്ക് ഫെയ്‌സ്ബുക്ക് ഇല്ലാത്തതിനാൽ സുരേഷേട്ടൻ തന്നെയാണ് വീഡിയോ കാണിച്ചുതന്നത്. സുരേഷ് ഗോപി എന്നയാളെ ഒട്ടും അറിയാത്ത ആൾക്ക്് മാത്രമേ ആ വീഡിയോയിലെ സംഭവത്തെ വിമർശിക്കാൻ കഴിയൂ. കാരണം, അദ്ദേഹത്തിന് കുഞ്ഞുങ്ങളോടുള്ള സ്‌നേഹം എല്ലാവർക്കും അറിയാം. ഞാനും അഞ്ചു കുട്ടികളുടെ അമ്മയാണ്. ഏട്ടന് അമ്മമാരോടും കുഞ്ഞുങ്ങളോടും സ്‌നേഹവും ബഹുമാനവുമുണ്ട്. ഗർഭിണിയായ സ്ത്രീകളെ കണ്ടാൽ ഭഗവാൻ പോലും എഴുന്നേറ്റുനിൽക്കും എന്ന രീതിയിലുള്ള സംസ്‌കാരത്തിൽ വിശ്വസിക്കുന്ന ആളുകളാണ് നമ്മൾ. അതുകാണാനാകാതെ അതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. അത് മനസിലാക്കാൻ പറ്റാത്തവർക്ക് മാത്രമേ ഇതിനെ വിമർശിക്കാൻ സാധിക്കൂ. അത്തരക്കാരുടെ വിമർശനങ്ങൾ കാര്യമായി എടുക്കേണ്ടതില്ല. മാനസികമായി സന്തോഷിച്ചിരിക്കേണ്ട നേരത്ത് ശ്രീലക്ഷ്മിക്ക് സങ്കടം തരുന്ന കാര്യമാണ് നടന്നത്. അതുകൊണ്ടാണ് ആ കുട്ടിക്ക് പിന്തുണമായി എത്തിയത്. തിരക്കൊഴിഞ്ഞാൽ ഏട്ടനും ശ്രീലക്ഷ്മിയെ കാണാനെത്തും. സന്തോഷമായിരിക്കുക- രാധിക പറഞ്ഞു.
വ്യാഴാഴ്ച മണലൂർ മണ്ഡലം പര്യടനത്തിനിടെയായിരുന്നു സംഭവം. തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ പര്യടനം ഉണ്ടെന്നറിഞ്ഞ് അന്തിക്കാട് ചിരുകണ്ടത്ത് വീട്ടിൽ വിവേകും, ഭാര്യ ശ്രീലക്ഷ്മിയും മകൻ അഹാനും കാത്തു നിന്നിരുന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ വാഹനം കടന്നു പോയപ്പോൾ പിറകെ ഓടിയ അഞ്ച് മാസം ഗർഭിണിയായ ശ്രീലക്ഷ്മിയെ കണ്ട സുരേഷ് ഗോപി വാഹനം നിറുത്തി. തുടർന്ന് സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ വയറിൽ കൈവച്ച് അനുഗ്രഹിച്ചു. യുവതിയുടെ ആവശ്യപ്രകാരമാണ് സുരേഷ് ഗോപി വയറിൽ കൈവെച്ച് അനുഗ്രഹിച്ചത്.
എന്നാൽ ഇതിനെ അവഹേളിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു, ഇതേ തുടർന്നാണ് പ്രചാരണ വേദികളിൽ നിന്നാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര തുടങ്ങിയവർ ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട് സന്ദർശിച്ചത്.