അസീർ- ദേശീയ ജൂനിയർ കരാട്ടെ ചാമ്പ്യൻ ഷിപ്പ് വനിതാ വിഭാഗത്തിൽ പ്രവാസിയുടെ മകൾ വെള്ളി മെഡൽ കരസ്ഥമാക്കി. ഖമീസ് മുഷൈത്ത,് മഹായിൽ പ്രദേശത്ത് വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന കൊല്ലം കണ്ണനല്ലൂർ സ്വദേശി ബാബുജാന്റെ മകൾ ഷംജയാണ് അഭിമാനാർഹമായ നേട്ടത്തിന് ഉടമയായത്.
ഡൽഹി താൽക്കത്തോറ സ്‌റ്റേഡിയത്തിൽ നടന്ന ജൂനിയർ നാഷണലിൽ, കരാട്ടെ ആയോധന മുറയിലെ മൂന്ന് പ്രധാന വിഭാഗങ്ങളിൽ ഒന്നായ കുമിത്തെ വിഭാഗത്തിലാണ് ഷംജ ദേശീയ നേട്ടം കൈവരിച്ചത്. കരാട്ടെ ബുഡോക്കാൻ ഇന്റർ നാഷണലിന്റെ സെഡ് ബുധോ അക്കാദമിയിൽ അഞ്ച് വർഷമായി കരാട്ടെ അഭ്യസിക്കുന്നു. ആബു വർഗീസ് ആണ് പരിശീലകൻ. കഴിഞ്ഞ വർഷങ്ങളിൽ ഹൈദരാബാദ്, ദൽഹി, ഗോവ, ബംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പുകളിലും ഷംജ പങ്കെടുത്തിരുന്നു. കിക്ക് ബോക്‌സിംഗ്, കുങ് ഫു, നുഞ്ചാകു എന്നീ വിഭാഗങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജി സക്കീർ ഹുസൈൻ നൽകുന്ന പ്രോത്സാഹനവും നിർദേശങ്ങളും വിജയത്തിന് നിദാനമായിട്ടുണ്ടെന്ന് പിതാവ് ബാബുജാൻ മലയാളം ന്യൂസിനോട് പറഞ്ഞു.
ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അത്‌ലറ്റിക് ട്രാക്കിലും ഫീൽഡിലും മികവ് തെളിയിച്ച് കായിക രംഗത്ത് ഇടം കണ്ടെത്തിയ ഷംജ സംസ്ഥാന സ്‌കൂൾ മീറ്റിൽ ത്രോ ഇനങ്ങളിൽ മത്സരിച്ചിരുന്നു. ഡിസ്‌കസ് ത്രോ, ഹാമർ ത്രോ, ഷോട്ട് പുട്ട്, സ്പ്രിന്റ് ഇനങ്ങളിൽ ജില്ലാ തലം വരെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഡ്രൈവിംഗ് ഏറെ ഇഷ്ടപ്പെടുന്ന ഷംജയുടെ ഇഷ്ട വഹനം 500 സി.സി ബൈക്കുകളാണ്. ഉമ്മ ഷീബയോടും രണ്ട് സഹോദരങ്ങളോടുമൊപ്പം നാട്ടിൽ പഠനവും പരിശീലനവും തുടരുന്ന ഷംജ കണ്ണനല്ലൂർ എം.കെ.എൽ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു കഴിഞ്ഞ് ഡിഗ്രി കോഴ്‌സിന് ചേരാനുള്ള ഒരുക്കത്തിലാണ്.