അബുദാബി - യു.എ.ഇയിലെ പ്രമുഖ ബാങ്കിൽ നിന്ന് 63.5 കോടി ദിർഹം കവർന്ന സംഘത്തിൽ 38 പേരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. യൂറോപ്യന്മാരും ഏഷ്യൻ വംശജരുമായ പ്രതികൾ രാജ്യം വിടുന്നതിനു മുമ്പാണ് അറസ്റ്റിലായത്. അവശേഷിക്കുന്ന ആറ് പ്രതികൾക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ ഊർജിതമായ അന്വേഷണം തുടരുകയാണ്.
ആധുനിക വിവര സാങ്കേതികവിദ്യ ദുരുപയോഗം ചെയ്താണ് 44 അംഗ സംഘം ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് 63.5 കോടി ദിർഹം പിൻവലിച്ചത്. ഇതിൽ 62.5 കോടി ദിർഹം ഇരുപത്തിനാലു മണിക്കൂറിനകം വീണ്ടെടുക്കുന്നതിന് കേന്ദ്ര ബാങ്കുമായി ഏകോപനം നടത്തിയതിലൂടെ സുരക്ഷാ വകുപ്പുകൾക്ക് സാധിച്ചു.
കവർന്ന തുകയിൽ ഒരു കോടി ദിർഹം ഉപയോഗിച്ച് സംഘം വാങ്ങിയ ആറായിരം മൊബൈൽ ഫോണുകളും സുരക്ഷാ വകുപ്പുകൾ പിടിച്ചെടുത്തിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ചതാണ് വൻ കൊള്ള പരാജയപ്പെടുത്തുന്നതിന് സഹായിച്ചതെന്ന് അബുദാബി അറ്റോർണി ജനറൽ അലി മുഹമ്മദ് അൽബല്ലൂശി പറഞ്ഞു.
കേന്ദ്ര ബാങ്കിലുള്ള പ്രാദേശിക ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് പതിവില്ലാത്തവിധം പണം പിൻവലിച്ചതായി ബാങ്ക് അധികൃതർ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകുകയായിരുന്നു. ബാങ്ക് ജീവനക്കാരിൽ ഒരാൾ മറ്റൊരു ഉദ്യോഗസ്ഥന്റെ പാസ്‌വേർഡ് ഉപയോഗിച്ച് വിവിധ ബാങ്കുകളിലുള്ള അഞ്ചു കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് 63.5 കോടി ദിർഹം ട്രാൻസ്ഫർ ചെയ്യുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ കമ്പനികളുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിന്നീട് ശാഖാ കമ്പനികളുടെ അക്കൗണ്ടിലേക്ക് പ്രതികൾ മാറ്റി.
സെൻട്രൽ ബാങ്കിലെ പ്രാദേശിക ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം മാറ്റിയ അക്കൗണ്ടുകളുടെ ഉടമകളായ പ്രധാന കമ്പനികളുമായി ബാങ്ക് ഉദ്യോഗസ്ഥരെയും പ്രധാന കമ്പനികളെ ശാഖാ കമ്പനികളുമായും ബന്ധിപ്പിച്ച കൊള്ള സംഘം കവർച്ചയിൽ പങ്കാളികളായ എല്ലാ കക്ഷികൾക്കും മോഷണത്തുകയുടെ നിശ്ചിത ശതമാനം വാഗ്ദാനം ചെയ്യുകയായിരുന്നു.