കോഴിക്കോട്- കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എം.കെ രാഘവന്‍ ഉള്‍പ്പെട്ട ഒളിക്യാമറ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്ന് ഐ.ജി റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് രാഘവനെതിരെ കേസെടുക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് ഡി.ജി.പി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. രണ്ടു ദിവസത്തിനകം കേസെടുത്തേക്കും. കേസെടുക്കണെന്ന് സിപിഎം തെരഞ്ഞെടുപ്പു കമ്മീഷന്‍ പരാതി നല്‍കിയിരുന്നു. സ്വകാര്യ വാര്‍ത്താ ചനല്‍ നടത്തിയ ഒളിക്യാമറാ ഓപറേഷനില്‍ രാഘവന്‍ കോഴ ചോദിക്കുന്ന ദൃശ്യമാണ് വിവാദമായത്. തുടര്‍ന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. ദൃശ്യം കൃത്രിമമല്ലെന്നാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കേസ് രജിസറ്റര്‍ ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിജിപിയോട് ശുപാര്‍ശ ചെയ്തു. പുറത്തു വന്ന ഒളിക്യാമറ ദൃശ്യങ്ങളിലും ശബ്ദരേഖയിലും കൃത്രിമം നടന്നിട്ടുണ്ടെന്നാണ് രാഘവന്റെ വാദം. ഇതു സംബന്ധിച്ച രാഘവന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.