കൊച്ചി-കേരള സര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച അസം സ്വദേശിയെ തെറ്റിദ്ധരിപ്പിച്ച് ടിക്കറ്റ് കൈക്കലാക്കിയവരെ പൊലീസ് പിടികൂടി. മലപ്പുറം എടക്കര ചരടികുത്തു വീട്ടില്‍ സമദ് (45) മലപ്പുറം പോത്തുകല്ലു വെളുമ്പിയം പാടം കല്ലുവളപ്പില്‍ വീട്ടില്‍ മിഗ്ദാദ് (39) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന ഏറ്റുമാനൂരിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. പണം ലഭിക്കാന്‍ എന്ത് ചെയ്യണമെന്ന് അറിയാല്‍ ഇയാള്‍ ഹോട്ടല്‍ ഉടമയുമായി അടുത്തുള്ള ബാങ്കിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു.
അക്കൗണ്ട് തുടങ്ങണമെന്ന് അതിനായി ആധാര്‍ കാര്‍ഡ് ആവശ്യമാണെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു. ആവശ്യമായ രേഖകള്‍ അസം സ്വദേശിയുടെ കൈയില്‍ ഉണ്ടായിരുന്നില്ല. തിരിച്ചറിയല്‍ രേഖകള്‍ അന്വേഷിക്കുന്നതിനിടെ ഹോട്ടലില്‍ അപ്പം വിതരണം ചെയ്യുന്ന മിഗ്ദാദ് ഹോട്ടല്‍ ഉടമയില്‍ നിന്നും ഒന്നാം സമ്മാനം ലഭിച്ച വിവരം അറിഞ്ഞു.
രേഖകള്‍ ഇല്ലാതെ പണം ലഭ്യമാക്കാം എന്നു പറഞ്ഞ് മിഗ്ദാദ് അസംകാരനെയും കൂട്ടി എറണാകുളം കച്ചേരിപ്പടിയിലെ ബാങ്കില്‍ എത്തി മാനേജരോടു സംസാരിക്കുകയും തുടര്‍ന്ന് ലോട്ടറി കൈക്കലാക്കുകയുമായിരുന്നു. മിഗ്ദാദും സുഹൃത്തായ സമദും കൂടി എടക്കരയിലെ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങി ലോട്ടറി അവിടെ ഏല്‍പ്പിച്ചു.
ലോട്ടറി നഷ്ടമായ കാര്യം അസംകാരന്‍ ഹോട്ടല്‍ ഉടമയെ അറിയിക്കുകയും പൊലീസില്‍ പരാതിപെടുകയും ചെയ്തിരുന്നു. ഇത് അറിയാതെയാണ് മിഗ്ദാദും സമദും ബാങ്കില്‍ ലോട്ടറി നല്‍കിയത്. കേസ് നടപടി ആരംഭിച്ചതോടെ ഇരുവരും ഒളിവില്‍ പോയി. അന്വേഷണം ശക്തമായതോടെ മിഗ്ദാദ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.കുറ്റപത്രം സമര്‍പ്പിച്ച ശേഷം കോടതി നിര്‍ദേശ പ്രകാരം യഥാര്‍ത്ഥ ഉടമയ്ക്ക് ഇനി ലോട്ടറി ടിക്കറ്റ് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.