താനൂർ- പൊന്നാനിയിലെ ഇടതു സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിന്റെ നിയമ ലംഘനങ്ങൾക്കെതിരെ പ്രസംഗിച്ചതിന് പരിസ്ഥിതി സംരക്ഷണ യാത്രക്കു നേരെ താനൂരിൽ ആക്രമണം. അൻവറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തു വിവരങ്ങൾ മറച്ചുവെച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ വിവരാവകാശ കൂട്ടായ്മ കോ-ഓർഡിനേറ്റർ കെ.വി ഷാജി, അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിനും തടയണക്കുമെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയ നദീ സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി രാജൻ, പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവർത്തകൻ അബ്ദുൽ മജീദ് മല്ലഞ്ചേരി എന്നിവർക്കാണ് മർദനമേറ്റത്. വാഹനത്തിലെ നോട്ടീസുകൾ കത്തിക്കുകയും റോഡിൽ വാരിവലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു. ബാനറുകളും കീറി നശിപ്പിച്ചു.
വൈകുന്നേരം ആറിന് താനൂരിൽ സമാപന യോഗത്തിൽ കെ.വി ഷാജി പ്രസംഗിക്കുന്നതിനിടെയാണ് നൂറോളം പേരുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്. ഷാജിയുടെ ഫോൺ തകർക്കുകയും ചെയ്തു. പോലീസെത്തിയതോടെയാണ് അക്രമികൾ പിരിഞ്ഞു പോയത്. പരിസ്ഥിതി പ്രവർത്തകർ പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. ജനാധിപത്യപരമായ അഭിപ്രായപ്രകടനം പോലും നിഷേധിക്കുന്ന രാഷ്ട്രീയ ഫാസിസമാണ് താനൂരിൽ അരങ്ങേറിയതെന്നും കുറ്റപ്പെടുത്തി.
ഇന്നലെ രാവിലെ മലപ്പുറത്ത് നിന്നും പരിസ്ഥിതി പ്രവർത്തകർ സി.ആർ നീലകണ്ഠനാണ് പ്രകൃതിയെ തകർക്കുന്ന രാഷ്ട്രീയത്തിനെതിരെയുള്ള രണ്ടു ദിവസത്തെ പരിസ്ഥിതി സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്തത്. അക്രമം കൊണ്ട് പിൻമാറില്ലെന്നും പരിസ്ഥിതി സംരക്ഷണ യാത്രയുടെ രണ്ടാംദിന പര്യടനം ഇന്ന് രാവിലെ തിരൂരിൽ നിന്നും ആരംഭിക്കുമെന്നും നദീ സരംക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി.രാജൻ പറഞ്ഞു.