Sorry, you need to enable JavaScript to visit this website.

ചരിത്രം മാറ്റിയെഴുതുമോ തെക്കൻ കേരളം 

കോട്ടയം- കേരളം വിധിയെഴുതാൻ നാലു ദിനങ്ങൾ മാത്രം. മുന്നണികൾ മണ്ഡലങ്ങളുടെ മനസ്സ് വായിക്കാനും പിടിക്കാനുമുളള അവസാന തന്ത്രങ്ങളിൽ. മുന്നണികളെല്ലാം തന്നെ അവരുടെ സ്റ്റാർ കാംപെയ്ൻമാരെ ഇറക്കി കഴിഞ്ഞു. കോൺഗ്രസിന്റെ പ്രസിഡന്റ് രാഹുൽ ഗാന്ധി തന്നെ കേരളത്തിലെത്തിയതോടെ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സർവേകൾ രാഹുൽ ഇഫക്ടില്ലെന്ന നിഗമനത്തിലാണെങ്കിലും യു.ഡി.എഫ് അത് വിശ്വസിക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ വരവോടെ ആശയങ്കയിലായ ഇടതുമുന്നണിയാകട്ടെ അത് തരണം ചെയ്യാനുളള നീക്കത്തിലാണ്. സി.പി.എം ദേശീയ നേതൃനിരയെ പതിവുപോലെ പ്രചാരണ രംഗത്ത് ഇറക്കിയെങ്കിലും ജനകീയ നേതാവ് വി.എസ് അച്യുതാനന്ദന്റെ അഭാവം ശ്രദ്ധേയമായി. 
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിൽ വി.എസ് സജീവമല്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണമാണ് കടന്നുപോകുന്നത്. ഇടതുമുന്നണിക്കും ബി.ജെ.പിക്കും ഇത് ജീവൻമരണ പോരാട്ടമാണ്. 2014 നേക്കാൾ ഒരു സീറ്റെങ്കിലും കുടുതൽ. അത് മാത്രമാണ് കേരളത്തിലെ ഭരണ മുന്നണിയുടെ ഏകലക്ഷ്യം. കേരളത്തിൽ താമര വിരിയിക്കുക എന്ന ഭഗീരഥ ശ്രമത്തിലാണ് ബി.ജെ.പി മുന്നണി. പ്രധാനമന്ത്രിയും അമിത്ഷായും ഉൾപ്പെടുന്ന നേതൃനിര അപ്പാടെ തന്നെ കേരളത്തിൽ പ്രചാരണത്തിനെത്തി. അഞ്ചിടങ്ങളിൽ എങ്കിലും വിജയിക്കാനാവുമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ പരസ്യമായി പ്രകടിപ്പിക്കുന്ന അവകാശവാദം. പ്രളയം, അക്രമ രാഷ്ടീയം, ശബരിമല ഇതാണ് തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിലെത്തുമ്പോൾ കേരളത്തിലെ മുന്നണികൾ വലംവയ്ക്കുന്ന പ്രധാന വിഷയങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി ഇടപെട്ട് മതപരമായ വിഷയം എന്ന നിലയിൽ നിരോധിച്ചുവെങ്കിലും ശബരിമല എന്ന ബി.ജെ.പി അജണ്ടയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12, എൽ.ഡി.എഫ് എട്ട്, എൻ.ഡി.എ പൂജ്യം ഇതായിരുന്നു കക്ഷി നില. യു.ഡി.എഫ് അനുകൂല തരംഗത്തിലും ഇടതുമുന്നണിക്ക് അഭിമാനാർഹമായ വിജയം നേടാൻകഴിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു അത്. ബി.ജെ.പി മുന്നണിയാകട്ടെ വിജയത്തിന്റെ അരികിൽനിന്നും വഴുതിപ്പോയി. തിരുവനന്തപുരത്ത് 15,470 വോട്ടിന് മണ്ഡലം നഷ്ടപ്പെട്ടു. ഇത്തവണ അതിന്റെ കേടുതീർക്കാനും എങ്ങനെയും മണ്ഡലത്തിൽ വെന്നിക്കൊടി പാറിക്കാനുമുളള തീവ്രശ്രമത്തിലാണ് ബി.ജെ.പി. ഗവർണർ പദം രാജിവെച്ച് ഇറങ്ങിയ കുമ്മനം രാജശേഖരനാണ് ഹാട്രിക്ക് വിജയം സ്വപ്‌നം കാണുന്ന കോൺഗ്രസിലെ ശശി തരൂരിനെ നേരിടുന്നത്. ഇടതുമുന്നണിയുടെ സി.പി.ഐ സ്ഥാനാർഥി മുൻമന്ത്രി സി. ദിവാകരൻ അട്ടിമറി വിജയമാണ് ലക്ഷ്യമിടുന്നത്. അർഹതക്ക് അംഗീകാരം എന്നതാണ് തിരുവനന്തപുരത്തിന്റെ പൊതുമനസ്. കെ.കരുണാകരനെയും കെ.വി സുരേന്ദ്രനാഥിനെയും ലോക്‌സഭയിലയച്ച മണ്ഡലം. കഴിഞ്ഞ തവണ ശശി തരൂരിന് 2,97,806 വോട്ടുകൾ ലഭിച്ചപ്പോൾ എൻ.ഡി.എയിലെ രാജഗോപാൽ 2,82,336 വോട്ടുകളും സ്വന്തമാക്കി. ഇടതുമുന്നണിയിലെ ബന്നറ്റിന് 2,48,941 വോട്ടുകളാണ് നേടാനായത്. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. ഇടതുമുന്നണിയുടെ പടയോട്ടത്തിലും തിരുവനന്തപുരത്തെ നേമം ബി.ജെ.പി മുന്നണിയെ തുണച്ചു. ഒ. രാജഗോപാൽ 8671 വോട്ടുകൾക്കാണ് തിരുവനന്തപുരം മണ്ഡലത്തിൽപെട്ട നേമത്ത് നിന്ന് വിജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നണിക്ക് ഏറെ പ്രതീക്ഷ നൽകുന്നതും ഇതാണ്. അഭിപ്രായ സർവേകളിലും തിരുവനന്തപുരത്ത് എൻ.ഡി.എക്ക് സാധ്യത കൽപ്പിക്കുന്നു. 
തെക്കൻ കേരളത്തിലാണ് ശബരിമലയും പ്രളയവും ഏറ്റവും അധികം ചർച്ചയാകുന്നത്. യു.ഡി.എഫ്  ഡിജിറ്റൽ പ്രചാരണത്തിൽ മുൻഗണന നൽകിയിരിക്കുന്നതും വിശ്വാസം, അക്രമരാഷ്ട്രീയം, പ്രളയം ഇവക്കാണ്. വിശ്വാസികൾക്കൊപ്പം എന്ന് ശബരിമലയുടെ പേര് പരാമർശിക്കാതെ പറഞ്ഞ രാഹുൽ ഗാന്ധിയുടെ അതേ നിലപാടിൽ തന്നെ. കേരളത്തിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേളികൊട്ടുയർന്ന കൊല്ലം മണ്ഡലത്തിൽ സിറ്റിംഗ് എം.പി പ്രേമചന്ദ്രൻ കരുതലോടെയുളള ചുവടുവയ്പ്പിലാണ്. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച പ്രേമചന്ദ്രൻ കോൺഗ്രസ് സ്ഥാനാർഥി ചർച്ചകളിൽ കുരുങ്ങുമ്പോഴും പ്രചാരണത്തിലായിരുന്നു. ആർ.എസ്.പിയുടെ ഏക സിറ്റിംഗ് സീറ്റിൽ എതിരിടുന്നത് സി.പി.എമ്മിലെ സൗമ്യനായ ദേശീയ നേതാവ് കെ.എൻ ബാലഗോപാലാണ്. ത്രികോണമത്സര പ്രതീതിയുണ്ടെങ്കിലും ഇവിടെ പ്രേമചന്ദ്രനും ബാലഗോപാലും തമ്മിലാണ് പോരാട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിവാദമായ പ്രയോഗം പ്രേമചന്ദ്രനെതിരെ പിണറായി വിജയൻ ആവർത്തിക്കുകയും ചെയ്തതോടെ മത്സരത്തിന് പുതിയ നിറമായി. യു.ഡി.എഫും സർവേകളും ഉറച്ച സീറ്റായി പരിഗണിക്കുന്ന ഒന്നാണ് കൊല്ലം.
മണ്ഡല പരിപാലനത്തിൽ വലതു എം.പിമാരോട് കിടപിടിക്കുന്ന സിറ്റിംഗ് എം.പി എ. സമ്പത്ത് ആറ്റിങ്ങലിൽ നേരിടുന്നത് സിറ്റിംഗ് എം.എൽ.എയും മുൻമന്ത്രിയുമായ അടൂർ പ്രകാശിനെയാണ്. സമ്പത്തിന് ഇത് നാലാം ഊഴമാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര ഒഴികെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണിയായിരുന്നു വിജയിച്ചത്. 2014 ൽഎല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടിയാണ് സമ്പത്ത് വിജയം ഉറപ്പിച്ചതും. ഈഴവ സമുദായത്തിന് മേൽക്കൈ ഉള്ള മണ്ഡലത്തിൽ ബി.ജെ.പിയുടെ വനിതാ സ്ഥാനാർഥിയായി ശോഭ സുരേന്ദ്രനാണുളളത്. ശബരിമലയിലെ ഇടപെടലുകളിലാണ് ബി.ജെ.പിക്ക് പ്രതീക്ഷ. വിജയിക്കാനുളള എല്ലാ വഴികളും നന്നായി അറിയുന്ന അടൂർ പ്രകാശാണ് ഇക്കുറി സമ്പത്തിനെ നേരിടുന്നതെന്നതാണ് യു.ഡി.എഫിന് പ്രതീക്ഷ പകരുന്ന ഘടകം. എന്നാൽ സമ്പത്തിന്റെ വിജയത്തിൽ ഇടതുമുന്നണിക്ക് ലവലേശം ആശങ്കയില്ല.ലോക്‌സഭാതെരഞ്ഞെടുപ്പിലെഏറ്റവുംശക്തമായത്രികോണ മൽസരങ്ങളിലൊന്നായി പത്തനംതിട്ട മാറുകയാണ്. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലം എന്നതിനാൽ മൂന്നുമുന്നണികളും പ്രസ്റ്റീജ് മത്സരമായി കാണുന്നു. പ്രത്യേകിച്ചും സി.പി.എമ്മിനും ബി.ജെ.പിക്കും. സിറ്റിംഗ് എം.പി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എം.എൽ.എ വീണ ജോർജും അങ്കം കുറിച്ച ഇവിടേക്ക് ശബരിമല സമരത്തിലെ മുന്നണി പോരാളിയായ കെ. സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥിയായി എത്തിയതോടെ ത്രികോണമത്സരത്തിന് ചൂടേറി. മണ്ഡലം പിറന്നത് മുതൽ എം.പിയായ ആന്റോ ആന്റണി വിജയിക്കുമെന്നു തന്നെയാണ് യു.ഡി.എഫ് ഉറച്ചു വിശ്വസിക്കുന്നത്. സുരേന്ദ്രനും ആന്റോയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണെന്നാണ് അഭിപ്രായ സർവേകൾ. പ്രളയത്തിൽ തകരുകയും ശബരിമല വിവാദത്തിൽ കലങ്ങിമറിയുകയും പത്തംനംതിട്ടയിൽ വനിതാ എം.എൽ.എയായ വീണ ജോർജ് ചെങ്ങന്നൂരിലെ സജി ചെറിയാനെപ്പോലെ അട്ടിമറി വിജയം നേടുമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. 
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 1,38,954 വോട്ടായിരുന്നു ബി.ജെ.പിയുടെ എം.ടി. രമേശ് നേടിയതെങ്കിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ സീറ്റുകളിലെല്ലാം കൂടി 1,92,000 എൻഡിഎ വോട്ടു നേടി. ഇത് അപ്രതീക്ഷിതമായ തലത്തിലേക്ക് സുരേന്ദ്രന് എത്തിക്കാൻ കഴിയുമെന്നുളള കടുത്ത ആത്മവി്ശ്വാസത്തിലാണ് ബി.ജെ.പി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആന്റോയുടെ ഭൂരിപക്ഷം പകുതിയായതും ഇടതു - ബിജെപി മുന്നണികളുടെ പ്രതീക്ഷ വളർത്തുന്ന ഒന്നാണ്.

Latest News