Sorry, you need to enable JavaScript to visit this website.

മൂലമറ്റം പവര്‍ ഹൗസ് നവീകരണം ഇന്നു മുതല്‍

ഇടുക്കി- ഇടുക്കി ജല പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുത നിലയത്തിന്‍റെ  നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു തുടക്കമാകും. 1976-ല്‍ പവര്‍ഹൗസ് കമ്മീഷന്‍ ചെയ്ത ശേഷം ആദ്യമായാണ് ജനറേറ്ററുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാധാരണയായി ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികളാണ് വര്‍ഷം തോറും നടത്താറുള്ളത്.  സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ വൈദ്യുതി സംഭാവന ചെയ്യുന്ന  മൂലമറ്റം നിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കുന്നതുമൂലം വൈദ്യുതി പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് മഴ ലഭിക്കുന്നതും ഉപഭോഗം കുറവുള്ളതുമായ ജൂണ്‍മാസത്തില്‍ നവീകരണം ആരംഭിക്കുന്നത്.  

കെഎസ്ഇബി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ജി. ഇ പവര്‍ ഇന്ത്യ എന്ന കമ്പനിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനുള്ള കരാര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കെഎസ്ഇബി കമ്പനിക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 780 മെഗാവാട്ടാണ് മൂലമറ്റം നിലയത്തിന്‍റ ഉല്‍പ്പാദന ശേഷി. 130 മെഗാവാട്ടിന്‍റെ ആറു ജനറേറ്ററുകളാണ് ഇവിടെയുള്ളത്.  ആദ്യത്തെ മൂന്നെണ്ണം 76-ലും മറ്റു മൂന്നെണ്ണം 85-ലുമാണ് സ്ഥാപിച്ചത്. 35 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാകുമ്പോള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് ചട്ടം. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ആറു വര്‍ഷം വൈകി. ആദ്യ ഘട്ടത്തില്‍ സ്ഥാപിച്ച ജനറേറ്ററുകളില്‍ ചിലതിന് തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് നവീകരണം നടത്താന്‍ അനുമതി നല്‍കിയത്. 43 കോടി രൂപയാണ് നിലയം നവീകരിക്കാനായി വകയിരുത്തിയിരിക്കുന്നത്. നവീകരണത്തിന്‍റെ ഭാഗമായി പവര്‍ ഹൗസിലെ ജനറേറ്ററും ടര്‍ബൈനും ഒഴികെയുള്ള ഭാഗങ്ങളെല്ലാം മാറ്റി പുതിയവ സ്ഥാപിക്കും. ഇതിനായി  ഓരോ ജനറേറ്ററുകളുടെയും പ്രവര്‍ത്തനം ഒരുമാസം വീതം നിര്‍ത്തിവെക്കും. ആദ്യം കമ്മീഷന്‍ ചെയ്ത ജനറേറ്ററുകളില്‍ ഒന്നാമത്തേത് മുതലാണ് നവീകരണം ആരംഭിക്കുക.

Latest News