Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ വോട്ട് പ്രേമചന്ദ്രന്  കച്ചവടമാക്കിയെന്ന് തോമസ് ഐസക്

കൊല്ലം-  മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ വോട്ട് കച്ചവടത്തിനായി ഒരു വിഭാഗം ബി.ജെ.പി നേതാക്കളുമായി ഉണ്ടാക്കിയ രഹസ്യധാരണ പുറത്തുവന്നുവെന്നും ബി.ജെ.പിക്ക് ഉള്ളിൽ നിന്നുതന്നെ ഈ ധാരണക്ക് സ്ഥിരീകരണം ലഭിച്ചുവെന്നും മന്ത്രി തോമസ് ഐസക് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 
ബി.ജെ.പി സ്ഥാനാർഥി ദുർബലനായ സാഹചര്യത്തിൽ തനിക്ക് ബി.ജെ.പിക്കാർ വോട്ട് ചെയ്യുന്നതിൽ എന്താണ് അപാകമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ചോദിച്ച സാഹചര്യത്തിൽ രാജ്യത്തെ മതനിരപേക്ഷ ശക്തികളോടു മാപ്പു പറയാൻ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ആർ.എസ്.എസിനോട് രഹസ്യ ബാന്ധവം പുലർത്തുന്ന എൻ.കെ. പ്രേമചന്ദ്രനും അദ്ദേഹത്തിന് പിന്തുണ നൽകുന്ന കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വവും കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിനു തീരാകളങ്കമാണ്. ബി.ജെ.പിയുമായുള്ള ബന്ധത്തിനു നേരത്തെ തന്നെ സൂചനകൾ പുറത്തുവന്നിരുന്നു. എൽ.ഡി.എഫ് നേതൃത്വം ഇത് സംബന്ധിച്ചു നേരത്തെ മുന്നറിയിപ്പും നൽകിയിരുന്നു. സംഘപരിവാറും ബി.ജെ.പിയും ഉയർത്തുന്ന വർഗീയതക്കെതിരേ ഒരു വാക്കുപോലും വിമർശനം ഉന്നയിക്കാൻ യു.ഡി.എഫ് സ്ഥാനാർഥി തയാറല്ല. പ്രകടമായ ബി.ജെ.പി ആഭിമുഖ്യമുള്ള ഇദ്ദേഹത്തിന് ആദ്യത്തെ പ്രസ്താവന പിൻവലിക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്. ഒരു വശത്ത് ബി.ജെ.പി പ്രീണനവും മറുവശത്തു ന്യൂനപക്ഷ വഞ്ചനയുമാണ് യു.ഡി.എഫിന്റെ രാഷ്ട്രീയം. ഈ കള്ളക്കളിക്ക് കൊല്ലം ജനത കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജില്ലയിൽ 1,30,672 വോട്ടാണ് ലഭിച്ചത്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടു പ്രചാരണത്തിനു നേതൃത്വം നൽകിയിട്ടും ബി.ജെ.പിയുടെ വോട്ട് നിലനിർത്താൻ കഴിയില്ലെന്ന് സംസ്ഥാനതലത്തിൽ പ്രവർത്തിച്ച നേതാക്കൾ തന്നെ സമ്മതിച്ചിരിക്കുന്നു. വളരെ ദുർബലനായ സ്ഥാനാർഥിയെ കൊല്ലത്ത് അവതരിപ്പിച്ചത് തന്നെ യു.ഡി.എഫുമായി വോട്ട് കച്ചവടത്തിനുള്ള മുൻധാരണ പ്രകാരമാണെന്നു വിശ്വസിക്കുന്നവർ ഏറെയാണ്. രാഷ്ട്രപിതാവിനെ വധിച്ച ആർ.എസ്.എസിന്റെ പിൻബലം യു.ഡി.എഫ് തേടുന്നത് അവരുടെ രാഷ്ട്രീയ മര്യാദക്കു ചേരുന്നതല്ല. ബി.ജെ.പിക്കെതിരേ ദേശീയാടിസ്ഥാനത്തിൽ പോർക്കളം തീർക്കുന്ന കോൺഗ്രസിന്റെ  പ്രഖ്യാപിത രാഷ്ട്രീയ നിലപാടിനു വിരുദ്ധമാണ് ഈ ചങ്ങാത്തം. കേരളത്തിൽ പല മണ്ഡലങ്ങളിലും യു.ഡി.എഫിലേക്കുള്ള വോട്ടു കച്ചവടത്തിന് ബി.ജെ.പിക്ക് മുമ്പിൽ സാഷ്ടാംഗം പ്രണാമം നടത്തുകയാണ്. കൊല്ലത്തും  ഇതുതന്നെയാണ് അരങ്ങേറുന്നത്. ഇത് കോൺഗ്രസിന്റെ പരിതാപകരമായ അവസ്ഥയാണ് വെളിവാക്കുന്നത്. അഭിമാനബോധമുള്ള കോൺഗ്രസുകാർ ഇതിൽ ദുഃഖിതരാണ്. അവിശുദ്ധ സഖ്യത്തിലൂടെ വോട്ട് നേടാമെന്ന കോൺഗ്രസ് സ്ഥാനാർഥിയുടെ ആഗ്രഹം വ്യാമോഹം മാത്രമാണ്. പരാജയഭീതി പൂണ്ട യു.ഡി.എഫ് നേതൃത്വം എൽ.ഡി.എഫിനെതിരേ കള്ളപ്രചാരണം നടത്തുകയാണ്. ഈ രഹസ്യകച്ചവടം കൊണ്ടൊന്നും യു.ഡി.എഫ് കൊല്ലത്തു രക്ഷപ്പെടാൻ പോകുന്നില്ല. ബി.ജെ.പിയിൽനിന്ന് എത്ര വോട്ട് മറിച്ചാലും വിജയം എൽ.ഡി.എഫിന് തന്നെയാകും. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലായി എൽ.ഡി.എഫിന് 1,72,980 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഈ രാഷ്ട്രീയ അടിത്തറക്ക്  വിള്ളൽ വീഴ്ത്താൻ യു.ഡി.എഫിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News