Sorry, you need to enable JavaScript to visit this website.

വടകരയിലെ ഫോട്ടോ ഫിനിഷിന്   ആവേശം പകരാന്‍ പ്രവാസികളുമെത്തി 

ജിദ്ദ കെ.എം.സി.സി സാരഥി ലത്തീഫ് മുസ്‌ല്യാരങ്ങാടി ഇന്നലെ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയപ്പോള്‍. 

ജിദ്ദ-പൊതു തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. ഈ മാസം 23ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മൂന്ന് നാളുകള്‍ മാത്രം ബാക്കി നില്‍ക്കേ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ചെറിയ അവധിയില്‍ പ്രവാസികള്‍ നാട്ടിലേക്ക് യാത്ര തിരിച്ചു തുടങ്ങി. യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് സാധാരണ ഗതിയില്‍ വോട്ട് വിമാനങ്ങള്‍ പുറപ്പെടാറുള്ളത്. ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൂക്ഷ്മ നിരീക്ഷണമുള്ളതിനാല്‍ സ്ഥാനാര്‍ഥികള്‍ക്ക് പൊല്ലാപ്പാകേണ്ടെന്ന് കരുതി പ്രവാസികള്‍ വെവ്വേറെ ടിക്കറ്റ് ബുക്ക് ചെയ്താണ് നാട്ടിലേക്ക് പുറപ്പെട്ടത്. 87,648 പ്രവാസി കേരളീയര്‍ക്കാണ് സംസ്ഥാനത്ത് വോട്ടുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വാശിയേറിയ പോരാട്ടത്തിന്റെ വേദിയായ വടകര ലോക്‌സഭാ മണ്ഡലത്തിലും. 31,446 എന്‍.ആര്‍.കെ വോട്ടര്‍മാര്‍ ഇവിടെയുണ്ട്. 2014ല്‍ യു.ഡി.എഫിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എല്‍.ഡി.എഫിലെ എ.എന്‍ ശംസീറിനെ 3306 വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. ഓരോ വോട്ടും നിര്‍ണായകമാവുന്ന ഫോട്ടോ ഫിനിഷാണ് ഈ സീറ്റില്‍. സി.പി.എമ്മിന്റെ കരുത്തനായ പി. ജയരാജനും യു.ഡി.എഫിലെ കെ. മുരളീധരനുമാണ് സ്ഥാനാര്‍ഥികള്‍. ഖത്തറില്‍ നിന്ന് സംഘം ചേര്‍ന്ന് വോട്ട് രേഖപ്പെടുത്താനെത്തിയവരെ ഇന്നലെ കെ. മുരളീധരന്‍ കൊയിലാണ്ടിയിലെത്തിയാണ് സ്വീകരിച്ചത്. ഈ ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മേഖലയിലേക്കും ധാരാളം പ്രവാസികളെത്തിയിട്ടുണ്ട്. ലീഗിന്റെ ശക്തി കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ കൂത്തുപറമ്പായി മാറിയ പഴയ പെരിങ്ങളം മണ്ഡലം. വ്യാഴാഴ്ച രാത്രി ജിദ്ദ സെന്‍ട്രല്‍ കെ.എം.സി.സി സംഘടിപ്പിച്ച ചടങ്ങിലേക്ക് ആളുകളെ ക്ഷണിച്ചത് ജനറല്‍ സെക്രട്ടറി അഹമ്മദ് പാളയാട്ടായിരുന്നു. പരിപാടി തുടങ്ങിയപ്പോള്‍ ആതിഥേയനെ കാണാനില്ല. മുരളിക്കുള്ള വോട്ടായതിനാല്‍ വ്യാഴാഴ്ച രാത്രിയിലെ ഫ്‌ളൈറ്റിന് നാട്ടിലേക്ക് തിരിച്ചുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. വടകര കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് പൊന്നാനി മണ്ഡലത്തിലാണ്. വാശിയേറിയതിനാല്‍ ദുബായിയില്‍ നിന്നും മറ്റും നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരൂര്‍, വളാഞ്ചേരി, പൊന്നാനി ഭാഗത്തെത്തിയത്. മലപ്പുറത്ത് മത്സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തെ പറ്റി മാത്രമേ സംശയമുള്ളുവെങ്കിലും കുഞ്ഞാപ്പയുടെ ഫാന്‍സായ പ്രവാസികളും ആവേശത്തോടെ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലാണ് മലപ്പുറത്തെ വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് തുടങ്ങിയ അസംബ്ലി സീറ്റുകള്‍. ജീവിതത്തിലാദ്യമായി നിയുക്ത പ്രധാനമന്ത്രിയ്ക്ക് വോട്ട് ചെയ്യാമെന്നതിന്റെ ത്രില്ലോടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വയനാട് മണ്ഡലത്തിലെ പ്രവാസികളും ആവേശത്തോടെ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 


 

 

Latest News