Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സ്വകാര്യ മേഖലയിൽ 60 പിന്നിട്ട മൂന്നര ലക്ഷത്തോളം തൊഴിലാളികൾ

റിയാദ് - സ്വകാര്യ മേഖലയിൽ അറുപതു വയസു പിന്നിട്ട 3,38,003 പേർ ജോലി ചെയ്യുന്നതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരിൽ നാലു ശതമാനം പേർ അറുപതു പിന്നിട്ടവരാണ്. സ്വകാര്യ മേഖലയിൽ ഗോസി രജിസ്‌ട്രേഷനുള്ള ആകെ 88,56,178 ജീവനക്കാരാണുള്ളത്. 60 മുതൽ 64 വരെ പ്രായമുള്ള 2,12,035 പേരും 65 നു മുകളിൽ പ്രായമുള്ള 1,25,968 പേരും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഗോസിയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലാ ജീവനക്കാരായ സ്വദേശികളെ അറുപതു വയസിൽ വിരമിക്കുന്നതിന് തൊഴിൽ നിയമം അനുവദിക്കുന്നുണ്ട്. അറുപതു വയസിൽ വിരമിക്കുന്നവർക്ക് ഗോസി നിയമം അനുസരിച്ച പെൻഷൻ ലഭിക്കും. ആഗ്രഹിക്കുന്നപക്ഷം അറുപതു വയസു പിന്നിട്ട ശേഷവും സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ തുടരാവുന്നതാണ്. 
അറുപതു പിന്നിട്ടവർ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് നിർമാണ, വ്യാപാര മേഖലകളിലാണ്. 60 മുതൽ 64 വരെ പ്രായമുള്ള സ്വകാര്യ മേഖലാ ജീവനക്കാരിൽ 34.8 ശതമാനവും 65 ൽ കൂടുതൽ പ്രായമുള്ളവരിൽ 30 ശതമാനവും നിർമാണ മേഖലയിലും 60 മുതൽ 64 വരെ പ്രായമുള്ളലവരിൽ 28.9 ശതമാനവും 65 ൽ കൂടുതൽ പ്രായമുള്ളവരിൽ 30.9 ശതമാനവും വ്യാപാര മേഖലയിലും ജോലി ചെയ്യുന്നു. അറുപതിൽ കൂടുതൽ പ്രായമുള്ളവർ മറ്റു മേഖലകളിൽ 11 ശതമാനം മുതൽ അര ശതമാനം വരെയാണ്. ഖനനം, പെട്രോൾ, വൈദ്യുതി, ഗ്യാസ്, ഖനികൾ എന്നീ മേഖലകളിലാണ് അറുപതിൽ കൂടുതൽ പ്രായമുള്ളവർ ഏറ്റവും കുറവ്. 
60 മുതൽ 64 വരെ പ്രായമുള്ളവരിൽ 9,174 (4.3 ശതമാനം) പേർ തപാൽ, ടെലികോം മേഖലയിലും 61,206 (28.9 ശതമാനം) പേർ വ്യാപാര മേഖലയിലും 73,880 (34.8 ശതമാനം) പേർ നിർമാണ മേഖലയിലും 3,136 (1.5 ശതമാനം) ഖനന, പെട്രോൾ മേഖലയിലും 20,063 (9.5 ശതമാനം) പേർ സാമൂഹിക സേവന മേഖലയിലും 2,616 (1.2 ശതമാനം) പേർ കൃഷി, മത്സ്യബന്ധന മേഖലയിലും 23,735 (11.2 ശതമാനം) പേർ വ്യവസായ മേഖലയിലും 1,397 (0.7 ശതമാനം) പേർ വൈദ്യുതി, ഗ്യാസ്, ജല മേഖലയിലും 16,825 (7.9 ശതമാനം) പേർ ധന, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, ബിസിനസ് സർവീസ് മേഖലയിലും മൂന്നു പേർ മറ്റു മേഖലകളിലും ജോലി ചെയ്യുന്നു. 
അറുപത്തിയഞ്ചിൽ കൂടുതൽ പ്രായമുള്ളവരിൽ 4,610 (3.6 ശതമാനം) പേർ തപാൽ, ടെലികോം മേഖലയിലും 38,992 (30.9 ശതമാനം) പേർ വ്യാപാര മേഖലയിലും 42,833 (34 ശതമാനം) നിർമാണ മേഖലയിലും 961 (0.8 ശതമാനം) ഖനന, പെട്രോൾ മേഖലയിലും 12,439 (9.9 ശതമാനം) പേർ സാമൂഹിക സേവന മേഖലയിലും 1,405 (1.1 ശതമാനം) പേർ കൃഷി, മത്ര്യബന്ധന മേഖലയിലും 13,209 (10.5 ശതമാനം) പേർ വ്യവസായ മേഖലയിലും 651 (0.5 ശതമാനം) പേർ വൈദ്യുതി, ഗ്യാസ്, ജല മേഖലയിലും 10,938 (8.7 ശതമാനം) പേർ ധന, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, ബിസിനസ് സർവീസ് മേഖലയിലും ജോലി ചെയ്യുന്നതായും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു.

Latest News